ന്യൂഡൽഹി: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിനെ പലതവണ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. വിവാഹനിശ്ചയം ആർക്കും ആക്രമിക്കാനോ പ്രതിശ്രുതവധുവുമായി ബന്ധം പുലർത്താനുള്ള അനുമതിയായോ കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിനാൽ വ്യാജ വിവാഹ വാഗ്ദാനമാണെന്ന് പറയാനാകില്ലെന്ന പ്രതികൾക്കുവേണ്ടി ഉന്നയിച്ച വാദം വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ തള്ളി.
2020ലാണ് താൻ പ്രതിയെ കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ ഒക്‌ടോബർ 11ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, തങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുന്നതിനാൽ താൻ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് യുവാവ് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു.
അതിനുശേഷം, പ്രതി യുവതിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിത ഗുളികകൾ നൽകുകയും ചെയ്തുവെന്ന് പരാതിക്കാരി പറഞ്ഞു. 2022 ജൂലൈ 9 ന് താൻ പ്രതിയുടെ വീട്ടിൽ പോയിരുന്നുവെങ്കിലും അയാളും കുടുംബാംഗങ്ങളും വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്ന് യുവതി പറഞ്ഞു. ജൂലൈ 16ന് ഇരയായ യുവതി സൗത്ത് ഡൽഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജൂലൈ 22 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബറിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് രണ്ട് തവണ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. യുവതി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. അവിവാഹിതയായ യുവതിക്ക് എങ്ങനെ തെളിവുകൾ സൂക്ഷിക്കാനാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, കുറ്റാരോപണം പൂർണ്ണമായി ചുമത്താത്തതിനാൽ പ്രതിക്ക് ജാമ്യം നൽകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.