ലോസ് ഏഞ്ചൽസ്: എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ ഒരു സിഖ് കുടുംബത്തിലെ നാല് അംഗങ്ങളുടെ മൃതദേഹങ്ങൾ ദിവസങ്ങള്‍ക്കു ശേഷം ബുധനാഴ്ച (പ്രാദേശിക സമയം) കാലിഫോർണിയയിലെ ഒരു തോട്ടത്തിൽ നിന്ന് കണ്ടെത്തി.
ജസ്ദീപ് സിംഗ് (36), ജസ്‌ലീൻ കൗർ (27), ഇവരുടെ കുട്ടി അരൂഹി ധേരി, കുഞ്ഞിന്റെ അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരെയാണ് ഇൻഡ്യാന റോഡിനും ഹച്ചിൻസൺ റോഡിനും സമീപം ഒരു കർഷക തൊഴിലാളി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാങ്കെ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളാണിവര്‍ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ള ജെസ്സി മാനുവൽ സൽഗാഡോ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ നടന്ന സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിരുന്നു. രാവിലെ മെഴ്‌സിഡിന്റെ 800-ാം ബ്ലോക്കിൽ സൗത്ത് ഹൈവേ 59 ന് സമീപം പുതുതായി ആരംഭിച്ച ബിസിനസ്സിലേക്ക് ജസ്ദീപിനെ പിന്തുടരുന്ന മാനുവൽ, അൽപ്പസമയത്തിന് ശേഷം പിൻവാതിലിലൂടെ തന്റെ കൈയിൽ തോക്കുമായി പുറത്തേക്ക് വരുന്നതു കാണാം. ജസ്ദീപും അമൻദീപും അയാളോടൊപ്പം പുറത്തുവരുന്നു. അവരുടെ കൈകള്‍ പുറകിൽ കെട്ടിയിരിക്കുന്നു.
പ്രതിയുടെ കൈയ്യില്‍ തോക്കുള്ളതും ദൃശ്യങ്ങളിലുണ്ട്. പിന്നീട്, തട്ടിക്കൊണ്ടുപോയയാൾ ജസ്ലീനെയും മകളെയും പുറത്തു കൊണ്ടുവന്ന് ഒരു ട്രക്കിൽ കയറ്റുന്നതും കാണാം. ചൊവ്വാഴ്ചയാണ് ജെസ്സി മാനുവൽ സൽഗാഡോയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഇരകളിൽ ഒരാളുടെ എടിഎം കാർഡ് മെഴ്‌സിഡിന് 14 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന അറ്റ്‌വാട്ടറിൽ ഉപയോഗിച്ചിരുന്നു. അയാളെ പിടികൂടാന്‍ സഹായിച്ചതും ആ സംഭവമാണെന്ന് ഷെരീഫ് വെർൺ വാങ്കെ പറഞ്ഞു. സിഖ് കുടുംബത്തെ തട്ടിക്കൊണ്ടു പോയതായി സൽഗാഡോ സമ്മതിച്ചതായി ഷെരീഫ് ഓഫീസ് കുടുംബാംഗങ്ങളെ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11:39 ന് കാലിഫോർണിയ ഹൈവേ പട്രോൾ 2020 മോഡല്‍ ഡോഡ്ജ് റാം ട്രക്ക് തീപിടിച്ചതിനോട് പ്രതികരിക്കവേ വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ സഹായിക്കാൻ മെഴ്‌സ്ഡ് പോലീസ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, ഉച്ചയ്ക്ക് 12:35 ന്, മെഴ്‌സ്ഡ് പോലീസ് ഉദ്യോഗസ്ഥർ ട്രക്ക് ഉടമയുടെ വിലാസത്തിൽ എത്തുകയും അവിടെയുള്ള ഒരു കുടുംബാംഗത്തെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ദമ്പതികളേയും കുട്ടിയേയും അമ്മാവനേയും തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചതായി ഷെരീഫ് ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഡെപ്യൂട്ടി അലക്‌സാന്ദ്ര ബ്രിട്ടൺ പറഞ്ഞു.