എറണാകുളം: ഇലന്തൂരില്‍ നടന്ന ഇരട്ട നരബലി സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്നും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്. വിചിത്രമായ വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, ആചാരങ്ങളും തുടങ്ങിയവ പ്രചരിപ്പിക്കാന്‍ പ്രധാനമായും facebook, മൊബൈൽ ഫോൺ, YouTube തുടങ്ങിയ ആധുനിക ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
ഫലത്തിൽ, ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നു. അതേസമയം, അത്തരം പിന്തിരിപ്പൻ പ്രവർത്തനങ്ങൾ സമൂഹത്തെ പിന്നോട്ടടിക്കുന്നു. അന്വേഷിക്കേണ്ട 20 പ്രത്യേക മേഖലകൾ അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, കേസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ശരിയായതും സമഗ്രവുമായ അന്വേഷണത്തിന് കൂടുതൽ സൂചനകളും വിവരങ്ങളും ലഭിക്കുന്നതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും അവരുടെ മെഡിക്കൽ പരിശോധനാഫലം മൂന്നു ദിവസം കൂടുമ്പോൾ കോടതിക്ക് തപാലിൽ അയക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അതിനിടെ പ്രതികളെ എറണാകുളം പോലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇലന്തൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തും.