ഡാളസ്: സമ്പൂർണ്ണ സാക്ഷരതയും, സാഹോദര്യവും, സഹവർത്തിത്വവും, അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ്.
“ദൈവത്തിന്റെ സ്വന്തം നാട്” എന്ന് സ്വാഭിമാനത്തോടെ വിളിച്ചോതുന്ന മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ചുരുളഴിയുമ്പോൾ മലയാളികൾക്ക് ലോകജനതയുടെ മുന്നിൽ തലകുനിക്കേണ്ടി വരും.
കേരള സംസ്ഥാനത്ത് നടമാടുന്ന ഇത്തരത്തിലുള്ള അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും തടയാനുള്ള അടിയന്തിര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നു ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ 16 ഞായറാഴ്ച വൈകീട്ട് വിളിച്ചു കൂട്ടിയ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും പ്രത്യേക യോഗത്തിലാണ് മതാചാരങ്ങളുടെ മറവിൽ നടക്കുന്ന നരബലിപോലെയുള്ള ഹീനകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾ സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രസിഡന്റ് സിജു വി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലി ജോർജ്ജ്, ബോർഡ് അംഗങ്ങളായ സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ എന്നിവരും, സംഘടനാ ഭാരവാഹികളായ സാം മാത്യു, പ്രസാദ് തീയാടിക്കൽ, ബെന്നി ജോൺ എന്നിവരും പങ്കെടുത്തു. കൂടുതൽ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കുന്നതിനും നവംബര് ആദ്യവാരം ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി മാധ്യമ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി പ്രത്യേക മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി സാം മാത്യു നന്ദി പറഞ്ഞു.