ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്) എല്ലാ വർഷവും നടത്തിവരാറുള്ള കർഷകശ്രീ അവാർഡ് ഇത്തവണയും ആഘോഷമായി നടത്തി. അന്നമ്മ തോമസ്, എൽസി സൈമൺ വാളാച്ചേരി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി.
ബാബു മുല്ലശ്ശേരി ചെയർമാനായും ജെയിംസ് തുണ്ടത്തിൽ, മോൻസി കുരിയാക്കോസ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള വിധികർത്താക്കളാണ് ഇരുപതോളം കൃഷിക്കാരിൽനിന്ന് ഷുഗർലാൻഡിലുള്ള അന്നമ്മ തോമസിനെയും സൈമൺ വാളാച്ചേരിയുടെ പത്നി എൽസി സൈമനെയും വിജയികളായി തിരഞ്ഞെടുത്തത്. നാൽപ്പതിലധികം പച്ചമരുന്നുകൾ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നൽകി ആദരിച്ചു.
ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തിൽ അൻപതോളം ചേനകളും എല്ലാ ദിവസവും മുപ്പതു മുതൽ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റു പച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട്.
രണ്ടാം സ്ഥാനക്കാരി എൽസി വാളാച്ചേരി തന്റെ വിളവെടുപ്പിൽനിന്നു എല്ലാ ആഴ്ച്ചകളിലും ആറു മുതൽ പത്തുവരെ കുടുംബങ്ങൾക്ക് തന്റെ വിളവുകൾ സൗജന്യമായി നൽകുന്നു എന്ന കാരുണ്യ പ്രവർത്തികൂടി ചെയ്തുവരുന്നു.
ഹൂസ്റ്റനിലെ പ്രമുഖ സംരംഭകരിലൊരാളായ റോയ് മാത്യുവാണ് സമ്മാനങ്ങൾ സ്പോണ്‍സര്‍ ചെയ്തത്. മാഗ് പ്രസിഡന്റ് അനിൽ ആറന്മുള വിജയികൾക്ക് മലയാളി അസോസിയേഷൻ ഹാളിൽവച്ചു നടന്ന ചടങ്ങിൽ സമ്മാനങ്ങളും ക്യാഷ് അവാർഡും നൽകി.