തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ച് ആരോപിച്ച പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നും അതിനാലാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു.
ആറു മാസമായിരിക്കും നിരീക്ഷണ കാലയളവ്. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഈ കാലയളവിൽ കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ജനപ്രതിനിധിയെന്ന നിലയിൽ പെരുമ്പാവൂർ മണ്ഡലത്തിന്റെ അവകാശവും കോടതിയുടെ ജാമ്യാപേക്ഷയിൽ ലഭിച്ച ആനുകൂല്യങ്ങളും നിലനിർത്താനാണ് നടപടിയെന്ന് കെ സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി ഇന്നലെ കെപിസിസി പ്രസിഡന്റിന് നല്‍കിയ വിശദീകരണം പാര്‍ട്ടി നേതൃത്വം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. എല്‍ദോസിനെതിരെ നടപടിയ്ക്ക് നേതൃത്വം വൈകിയെന്ന് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ കൂടി ഭാഗമാണ് സസ്പെന്‍ഷന്‍.