വാഷിംഗ്ടണ്‍: യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ഡോ. റോഷെൽ വാലെൻസ്കിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 19നാണ് കോവിഡ് ബാധിച്ചത്. സെപ്റ്റംബറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന ഇവര്‍ നേരത്തെ തയാറാക്കിയ എല്ലാ പരിപാടികളിലും വെര്‍ച്വലായി പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ശൈത്യകാലത്തും കോവിഡ് വ്യാപനം രൂക്ഷമായതുപോലെ ഈ ശൈത്യകാലത്തും ഇതിന്റെ ശക്തി പുതിയ വൈറസ് വകഭേദമായി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു സിഡിസി മുന്നറിയിപ്പു നല്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ കൂടുതല്‍ സുരക്ഷിതരാണെന്നും ഇവരില്‍ കോവിഡ് ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഭാര്യ ജില് ബൈഡന്, പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ ഡോ. ആന്റണി ഫ്യൂചി, യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി സേവിയര്‍ ബെകാര്ക തുടങ്ങിയവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവസാന ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാവുന്നതാണ്.