ബ്രോങ്ക്സ് (ന്യൂയോര്‍ക്ക്) | ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്സ് ബറോയിൽ ഞായറാഴ്ച പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഒരു യുവാവും മരിച്ചു.
രാവിലെ 6:01 ന് ക്വിംബി അവന്യൂവിലെ മൂന്ന് നിലകളുള്ള വീടിന്റെ പിൻഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാ വക്താവ് സ്ഥിരീകരിച്ചു.
10 മാസം പ്രായമുള്ള പെൺകുട്ടി, 10 വയസ്സുള്ള ആൺകുട്ടി, 12 വയസ്സുള്ള ആൺകുട്ടി, 22 വയസ്സുള്ള യുവാവ് എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് (ഇഎംഎസ്) അറിയിച്ചു. പെണ്‍കുഞ്ഞിനേയും യുവാവിനേയും ബ്രോങ്ക്സിലെ ജേക്കബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ മരണത്തിനു കീഴടങ്ങി.
പരിക്കേറ്റ മറ്റ് രണ്ട് പേരെ (21 വയസുള്ള സ്ത്രീയും 41 വയസുള്ള പുരുഷനും) ജേക്കബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും അവശനിലയിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഫയർ മാർഷൽ കണ്ടെത്തുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കുടുംബത്തെ അറിയിക്കുന്നതുവരെ ഇരകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തീയണയ്ക്കുന്നതിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്കും നിസാര പരിക്കേറ്റതായി FDNY അധികൃതർ പറഞ്ഞു — രാവിലെ 7:54 ഓടെ തീ നിയന്ത്രണവിധേയമായി. 25 FDNY യൂണിറ്റുകളിൽ നിന്നുള്ള 100-ലധികം അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.
കൊല്ലപ്പെട്ടവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് കരുതുന്നതെന്ന് പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
“ഇതൊരു വലിയ കുടുംബമാണ്,” അയൽവാസിയായ ഇംലാക്ക് ചൗധരി (30) പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കുടുംബത്തിലെ എട്ട് അംഗങ്ങളെങ്കിലും ഈ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് ചൗധരി കൂട്ടിച്ചേർത്തു.