തിരുവനന്തപുരം: മുതിർന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി) നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ടി ജെ ചന്ദ്രചൂഡൻ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
2008 മുതല്‍ 2018 വരെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് അധ്യാപനായിരുന്ന ചന്ദ്രചൂഡന്‍, ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്.
1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാണ്.