ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫിലെത്തിച്ച് വീട്ടു ജോലിക്കാരിയാക്കിയ കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ അറസ്റ്റു ചെയ്തു

കോട്ടയം: അദ്ധ്യാപികയുടെ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ഗള്‍ഫിലെത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന മനോജിനെയാണ് (39) പാലാ പൊലീസ് പിടികൂടിയത്.

2022ലാണ് പാലാ സ്വദേശിനിയായ യുവതിയെ അദ്ധ്യാപികയായി ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാൾ ഒമാനിലെത്തിച്ചത്. എന്നാൽ,
അവിടെയെത്തിയ യുവതിയെ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയായിരുന്നു എന്ന് പറയുന്നു. നാട്ടിലേക്ക് തിരിച്ചുപോരാൻ സമ്മതിക്കാതെ ഇയാൾ യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്‌തു. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിഖിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയി.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ മറൈൻ ഡ്രൈവ് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ കൈക്കലാക്കി യഥാർത്ഥ തൊഴിൽ വിസയാണെന്ന് തെറ്റിദ്ധരിച്ച് വിസിറ്റിംഗ് വിസയിൽ ഗൾഫിലേക്ക് അയക്കുന്ന രീതിയായിരുന്നു പ്രതികളുടേത്. പെരുവന്താനം, മുണ്ടക്കയം, കൊട്ടാരക്കര, മണ്ണന്തല, പത്തനംതിട്ട തുടങ്ങിയ സ്റ്റേഷനുകളിൽ മനോജിനെതിരെ ഒട്ടേറെ മോഷണക്കേസുകൾ നിലവിലുണ്ട്. മനുഷ്യക്കടത്ത് കേസിൽ മറ്റ് പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News