ഡാളസ്/ഹൂസ്റ്റൺ: ടെക്സസിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലേ ജങ്കിൻസ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗോ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്.
കോവിഡിന്റെ പാരമ്യത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗികമായോ പൂർണമായോ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്ത ഈ രണ്ടു ജഡ്ജിമാരുടെയും തീരുമാനങ്ങൾ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധവരെ പിടിച്ചുപറ്റിയിരുന്നു.
2010 മുതൽ തുടർച്ചയായി ഭരണത്തിലിരിക്കുന്ന ക്ലേ ജങ്കിൻസിന്റെ വിജയത്തെക്കുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തി കേന്ദ്രമായതിനാൽ വിജയം അനായാസമാകുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68 ശതമാനം ജങ്കിൻസ് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജഡ്ജിയായി മത്സരിച്ച ലോറൽ ഡേവിഡിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു.
രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡൽഗോ രക്ഷപ്പെട്ടത് അവസാന നിമിഷമാണ്. പ്രഥമ വനിത ജിൽ ബൈഡൻ പള്ളികൾ കയറിയിറങ്ങി വോട്ടര്‍മാരെ നേരിട്ടു കണ്ടു അഭ്യര്‍ത്ഥിച്ചതിന്റെ പരിണിതഫലം തന്നെയാണ് അതെന്നാണ് വിലയിരുത്തൽ.
ലിന ഹിഡൽഗോ 50.74 ശതമാനം വോട്ടുകൾ നേടിയപ്പോൾ എതിരാളി റിപ്പബ്ലിക്കൻ സ്ഥാനാർഥി അലക്സാൻഡ്രിയ 49.25 ശതമാനം വോട്ടുകൾ നേടി.