വർഷങ്ങളായി സാമ്പത്തിക ഉപരോധങ്ങളുടെ വ്യവസ്ഥയ്ക്ക് വിധേയരായ, പെട്രോളിയം സമ്പന്നമായ ഒപെക് അംഗങ്ങളായ ഇറാനും വെനസ്വേലയും പൊതു ശത്രുവായ അമേരിക്കയ്‌ക്കെതിരായ ഏകോപിത ഭൗമരാഷ്ട്രീയ, സാമ്പത്തിക, സൈനിക നീക്കങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വെനസ്വേലയുടെ അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കീഴിൽ രാഷ്ട്രങ്ങൾ തമ്മില്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. നിക്കോളാസ് മഡുറോയുടെ കീഴിൽ അത് കൂടുതൽ ശക്തിപ്പെട്ടു. തന്നെയുമല്ല, തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഇറാനിൽ നിന്ന് സഹായവും തേടി.
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം നിക്ഷേപം എന്ന് വിശ്വസിക്കപ്പെടുന്ന വെനിസ്വേല, വര്‍ഷങ്ങളായി യുഎസ് ഉപരോധം നേരിടുകയാണ്. തന്മൂലം മെയിന്റനൻസ് പ്രശ്നങ്ങൾ അതിന്റെ ഉൽപ്പാദനത്തെയും ശുദ്ധീകരണ ശേഷിയെയും നാടകീയമായി തടസ്സപ്പെടുത്തി.
ഈ വർഷം ജൂണിൽ, വെനസ്വേലയും ഇറാനും 20 വർഷത്തെ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു. അതിൽ നിലവിലുള്ള വെനിസ്വേലൻ റിഫൈനറികളുടെ അറ്റകുറ്റപ്പണികളിലും പരിപാലനത്തിലും ഇറാന്റെ സഹായം ഉൾപ്പെടുന്നു. കൂടാതെ, മറ്റ് സാങ്കേതിക, എഞ്ചിനീയറിംഗ് വൈദഗ്ധ്യവും. ഇറാനിയൻ കമ്പനിയായ സാദ്ര വഴി ഇറാൻ വെനസ്വേലയിലേക്ക് നാല് എണ്ണ ടാങ്കറുകൾ എത്തിക്കുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കാരക്കാസിനും ടെഹ്‌റാനും ഇടയിലുള്ള പ്രതിവാര ഫ്ലൈറ്റുകൾ ഈ വര്‍ഷം ജൂലൈയിൽ ആരംഭിച്ചു.
നിലവിൽ, വെനസ്വേലയ്ക്ക് നിക്ഷേപ മൂലധനവും ഒരുകാലത്ത് അതിന്റെ ഭീമാകാരമായ എണ്ണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വൈദഗ്ധ്യവും ഇല്ല. യുഎസ് ഉപരോധത്തിൽ റഷ്യയുടെ റോസ്‌നെഫ്റ്റ് പിൻവലിച്ചതോടെ, മഡുറോ സർക്കാർ ഈ വിടവ് നികത്താന്‍ ഇറാനെ സമീപിച്ചു.
വെനസ്വേലയുടെ പ്രതിസന്ധികൾ ലഘൂകരിക്കാൻ ഇറാൻ മുമ്പ് ഇന്ധനം നിറച്ച ടാങ്കർ കപ്പലുകൾ അയച്ചിട്ടുണ്ട്. കൂടാതെ, യുഎസ് ഉപരോധം നേരിടുന്ന സാഹചര്യത്തിൽ വെനസ്വേലയുടെ ക്രൂഡ് കയറ്റുമതി ചെയ്യാനും ഇറാൻ സഹായിച്ചിട്ടുമുണ്ട്.
ഞായറാഴ്ച, വെനസ്വേലൻ ഗതാഗത മന്ത്രി റാമോൺ വെലാസ്ക്വെസ് ടെഹ്റാനും കാരക്കാസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനായി ഒരു “കടൽപ്പാലം” സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
അവരുടെ സംയുക്ത സാമ്പത്തിക കമ്മീഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇറാനിൽ ഔദ്യോഗിക സന്ദർശനത്തിനായി വെലാസ്‌ക്വസ് ഇപ്പോൾ ഒരു വലിയ പ്രതിനിധി സംഘത്തെ നയിക്കുന്നു.
വെനസ്വേലൻ പൊതുമേഖലയും ഇറാനിലെ സ്വകാര്യമേഖലയും ഉൾപ്പെടുന്ന ഏഴ് സംയുക്ത സമിതികളുടെ പങ്കാളിത്തത്തോടെ അവർ കൃഷിയും വ്യവസായവും, ശാസ്ത്രവും സാങ്കേതികവിദ്യയും, വൈദ്യുതി, ഊർജം, എണ്ണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.