ദുബായ്: ലോക കപ്പിനായി ഖത്തറിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഏറ്റവും കൂടുതൽ പുറപ്പെടുന്നത് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിൽ നിന്നായിരിക്കുമെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ഇവിടെ നിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിനം 120 ഷട്ടിൽ സർവീസുകൾ ഉണ്ടായിരിക്കും. ദുബായ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാണ് ഷട്ടിൽ സർവീസ് വേൾഡ് സെൻട്രലിലേക്ക് മാറ്റിയത്.
ഫ്ലൈ ദുബൈയും ഖത്തർ എയർവേയ്‌സും ചേർന്നാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, ഷട്ടിൽ സര്‍വീസ് നിരക്ക് കുറവാണ്. പക്ഷേ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനകം തിരിച്ചു വരാവുന്ന രീതിയിലായിരിക്കണം ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവീസിന് പുറമെ ചാർട്ടേഡ് എയർക്രാഫ്റ്റ് സർവീസുകളും നടത്താനും പദ്ധതിയുണ്ട്. ഇതോടെ വേൾഡ് സെൻട്രലിൽ തിരക്ക് മൂന്നിരട്ടിയാകും. 60 ഓളം ചെക്ക്-ഇൻ കൗണ്ടറുകളും 21 ബോർഡിംഗ് ഗേറ്റുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 60 പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളും 10 സ്മാർട്ട് ഗേറ്റുകളുമുണ്ട്.
ലോക കപ്പ് യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ് സർവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡി.ഡബ്ല്യു.സി ഒന്ന് ബസാണ് ഇവിടേക്ക് സർവിസ് നടത്തുന്നത്. ഇബ്നു ബത്തൂത്ത സ്റ്റേഷനിൽനിന്ന് പുറപ്പെടും. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വഴിയാണ് ഈ ബസിന്റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും. ദിവസവും 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്. 24 മണിക്കൂറും സർവിസുണ്ടാകും.
എക്സ്പോ സ്റ്റേഷനിലേക്ക് അഞ്ചു ദിർഹമും ഇബ്നു ബത്തൂത്തയിലേക്ക് 7.50 ദിർഹമുമാണ് നിരക്ക്. ലോകകപ്പ് കഴിയുന്നതോടെ ഈ സർവിസ് അവസാനിക്കും.കാർ പാർക്കിങ്ങും ഇവിടെ സൗജന്യമാണ്. 2500 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ടാക്സി സൗകര്യവും ലഭിക്കും.