ദോഹ: ഖത്തർ ‘വർണ്ണാഭമായി’. ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യം മുഴുവൻ തിരക്കിലാണ്. എവിടെ നോക്കിയാലും ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞ ആരാധകർ മാത്രം. എല്ലാ കണ്ണുകളിലും ഫുട്ബോൾ ആവേശം മാത്രം. മെട്രോ യാത്രകളിൽ പോലും ഫുട്ബോൾ ചര്ച്ച മാത്രമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ആരു മുന്നിലെത്തുമെന്ന ചർച്ചയും ചൂടുപിടിച്ചു. കപ്പ് ആരു ഉയർത്തുമെന്ന കാര്യത്തിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർക്ക് സംശയമില്ല. തങ്ങളുടെ ടീം അവരെ തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരും. കൊച്ചുകുട്ടികൾ പോലും തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജഴ്സിയും കൈയിൽ ഒരു ചെറിയ പതാകയുമായി നടക്കുന്നു. ഇവരിൽ ഭൂരിഭാഗവും പോർച്ചുഗലിന്റെ ആരാധകരാണ്.
കാരണം ചോദിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് മറുപടി. വാതുവെയ്പും പന്തയങ്ങളുമില്ലാതെ ഫാൻസ് ഗ്രൂപ്പുകളും ആവേശപ്പാതയിൽ തന്നെ. ഫിഫ ലോകകപ്പ് നേരിട്ട് കാണാമെന്ന സന്തോഷം വേറെ. ഇഷ്ടതാരങ്ങളെ തൊട്ടുമുൻപിൽ കാണാൻ കഴിയുമെന്നതാണ് അതിനേക്കാൾ ആവേശം. ഇന്നലെ രാത്രിയോടെ മുഴുവൻ ടീമുകളും ദോഹയിൽ എത്തിയിട്ടുണ്ട്.
കളിക്കാർ താമസിക്കുന്ന ടീം ബേസ് ക്യാംപുകൾക്കും പരിശീലന ഗ്രൗണ്ടുകൾക്കും മുൻപിൽ കനത്ത സുരക്ഷയായതിനാൽ ഇഷ്ടതാരങ്ങളെ ഒരു നോക്കു കാണാനെത്തുന്ന ആരാധകർ നിരാശയോടെയാണ് മടക്കം. ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പ്രവാസി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും സ്വന്തമാക്കിയാണ് ഖത്തറിന്റെ അൽ അന്നാബി കളിക്കളത്തിൽ ഇറങ്ങുന്നത്.
ടീമിന് ഊർജം പകരാൻ ഗാലറിയിൽ നിറയെ ആരാധകരുണ്ടാകും. ഖത്തർ നിവാസികളും പ്രവാസികളും ലോകകപ്പ് ആരാധകരും ഫാൻസോണുകളിലും ബീച്ച് ക്ലബ്ബുകളിലും ഫെസ്റ്റിവൽ വേദികളിലും നിറഞ്ഞു. എല്ലാ സോണുകളിലും, ആരാധകർക്ക് കൂറ്റൻ സ്ക്രീനുകളിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കാണാൻ കഴിയും.