ചെസാപീക്ക് (വിര്‍ജീനിയ) വിർജീനിയയിലെ ചെസാപീക്ക് വാൾമാർട്ട് സൂപ്പർസെന്ററിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരിയും മരണപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വയം വെടിയുതിർത്താണ് അക്രമി മരിച്ചതെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലിയോ കോസിൻസ്കി മാധ്യമങ്ങളോടു പറഞ്ഞു. വെടിയുതിർത്തയാളെ കുറിച്ച് പോലീസ് ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ പല മാധ്യമങ്ങളും ഇയാൾ സ്റ്റോറിലെ മാനേജരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രി പ്രാദേശിക സമയം 10:12 ന് വാൾമാർട്ടിനുള്ളിൽ വെടിവയ്പ്പ് നടന്നതായുള്ള റിപ്പോർട്ടിനോട് പോലീസ് പ്രതികരിച്ചു എന്ന് കോസിന്‍സ്കി പറഞ്ഞു.
അഞ്ച് പേര്‍ അവിടെ ചികിത്സയിലാണെന്ന് പ്രദേശത്തെ ഏറ്റവും മികച്ച ട്രോമ സെന്റർ ഉള്ള സെൻതാര നോർഫോക്ക് ജനറൽ ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു.
“ഇത്തവണ ചെസാപീക്കിലെ ഒരു വാൾമാർട്ടിൽ വീണ്ടും വെടിവയ്പ്പ് നടന്നുവെന്ന റിപ്പോർട്ടുകളിൽ അസ്വസ്ഥതയുണ്ട്. സംഭവ വികാസങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കും,” വിർജീനിയ സെനറ്റർ മാർക്ക് വാർണർ ബുധനാഴ്ച ട്വീറ്റ് ചെയ്തു.
2019 മുതൽ അമേരിക്കക്കാർ സൂപ്പർമാർക്കറ്റുകൾക്കുള്ളിൽ കുറഞ്ഞത് അഞ്ച് മാരകമായ വെടിവയ്പ്പുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
2019-ൽ വിർജീനിയ ബീച്ചിൽ 12 പേർ കൊല്ലപ്പെട്ട വെടിവയ്പ്പിന്റെ ഓർമ്മകള്‍ ചൊവ്വാഴ്ചത്തെ വെടിവയ്പ്പ് വീണ്ടും കൊണ്ടുവന്നതായി ഡമോക്രാറ്റായ റാള്‍ഫ് നോര്‍ത്താം പ്രതികരിച്ചു.