ആലപ്പുഴ: വള്ളികുന്നം ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി കല, സാഹിത്യ, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്തു മികച്ച പ്രവർത്തനം നിർവഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരത്തിന് വള്ളികുന്നം അരീക്കര എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക ഡി. പത്മജാ ദേവി അർഹയായി. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ പുരസ്ക്കാരം സമ്മാനിച്ചു. ചടങ്ങിൽ മഠത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.
സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ആയ പത്മജാ ദേവി കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള, കേരള സംസ്ഥാന പൗരാവകാശ സമിതി, സബർമതി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി വിവിധ സംഘടനകളിൽ പ്രതിഫലേച്ഛ കൂടാതെ സേവനം അനുഷ്ടിക്കുന്നു. മികച്ച കവിയിത്രി കൂടിയായ അവര് നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വള്ളികുന്നം കൃഷ്ണാഞ്ജനയിൽ ജി. കൃഷ്ണൻകുട്ടിയുടെ സഹധർമ്മിണിയാണ്. ഡോ. നന്ദിത കൃഷ്ണൻ മകളും ഫിംഗർപ്രിൻ്റ് വിദഗ്ദ്ധന് ജെ. ശ്രീജിത്ത് മരുമകനുമാണ്.
അദ്ധ്യാപകവൃത്തിക്കിടയിൽ സ്തുത്യർഹ്യമായ നിലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഡി. പത്മജാ ദേവിയെ സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.