കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 23): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മാര്‍ബിള്‍ക്കല്ലുകളില്‍ മൂന്നു നിലയിലൂയര്‍ന്നു. ഇനി ഇസ്രായേലിന്റെ രക്ഷകനായ മോശയുടെ വലിയ പ്രതിമ കൊത്തണം. കല്ല്‌ തയ്യാറായി മൈക്കിള്‍ആന്‍ജലോയുടെ മുന്നില്‍ നിര്‍ജ്ജീവമായി കിടന്നു. പെട്ടെന്ന്‌ ശില്പിയുടെ കണ്ണുകളില്‍ ഒരു വലിയ പുകമറ ഉയര്‍ന്നു. അത്‌ സാവധാനം അപ്രത്യക്ഷമായപ്പോള്‍ ആജാനുബാഹുവായ ഒരു വൃദ്ധ ബലിഷ്ഠന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇടിമുഴക്കം പോലെ ഘനഗംഭീരമായ ഒരു മുഴക്കം മൈക്കിള്‍ആന്‍ജലോ കേട്ടു!

ഞാനാണ്‌ ഇസ്രായേലിന്റെ രക്ഷകന്‍ മോശ! യഹോവയെ ഞാന്‍ കണ്ടു, സീനായ്‌ മലമണ്ടയില്‍ എരിയുന്ന പച്ചിലക്കാടുകള്‍ക്കുള്ളില്‍. അഗ്നിനാളങ്ങളായി. അവന്‍ എന്നോട്‌ കല്പിച്ചു, എന്റെ ജനത്തെ, ഇസ്രയേല്‍ മക്കളെ ഫോറവോന്റെ അടിമത്വത്തില്‍നിന്ന്‌ രക്ഷിക്കുക.

ജോണ്‍ ഇളമത

ഞാനോ, വിക്കനായ ഞാനോ? ആട്ടിടയനായ ഞാനോ? ഞാനാ ഫറവോന്റെ പട്ടാള മേധാവിയെ കൊന്നു, അവന്‍ എന്റെ സഹോദരിയുടെ മാനം പിച്ചിച്ചീന്താനാരംഭിച്ചപ്പോള്‍. ഫറവോന്റെ പട്ടാളക്കാര്‍ക്ക്‌ ഞാന്‍ പിടികൊടുക്കാതെ ഓടി. മരുഭൂമിയിലൂടെ, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ, കഴുകന്മാര്‍ വട്ടമിടുന്ന ഒറ്റതിരിഞ്ഞ കരിമ്പനകളുടെ ഇടയിലൂടെ! എനിക്കെന്തു കഴിവ്‌ ഇസ്രയേല്‍ മക്കളെ നയിക്കാന്‍? ഞാനും അടിമയുടെ മകനല്ലേ? ഒളിച്ചോടിയ ഞാന്‍ മെഡിയാന്‍ താഴ്‌വാരത്തെ ജത്രോ എന്ന ആട്ടിടയന്റെ മകള്‍ സിഫോറായെ കല്യാണം കഴിച്ചു. ജീവിക്കാന്‍ വേണ്ടി. പെണ്ണു തന്ന വകയില്‍
ആടുകളെ മേയിച്ച്‌ എന്റെ അമ്മായിഅപ്പന്‍ ജത്രോയുടെ കടം വീട്ടണം. തന്നെയുമല്ല, സാഫോറ ഗര്‍ഭിണിയാണ്‌. ഈ പരുവത്തില്‍ ഞാനവളെ എങ്ങനെ ഇട്ടിട്ടു പോകും?

യഹോവ എന്നോടാജ്ഞാപിച്ചു;

നിന്നെ ഞാന്‍ പൂര്‍ണ്ണനാക്കും. എന്റെ ശക്തി നിന്നില്‍ പ്രവഹിക്കും. നീ ധൈര്യമായി പോകുക!

വീണ്ടും പുകച്ചുരുളുകള്‍ക്കുള്ളിലേക്ക്‌ ആ ബലിഷ്ഠന്‍ ചുരുളുകളായികറങ്ങി വീണ്ടും ആ കുറ്റന്‍ കല്ലിനുള്ളിലേക്ക്‌ പ്രവേശിച്ചു.

പെട്ടെന്ന്‌ മൈക്കിള്‍ആന്‍ജലോയ്ക്ക്‌ പരിസരബോധമുണ്ടായി. ശില്പിയായ തനിക്ക്‌ പെട്ടെന്നുണ്ടായ ഭൂതോദയം. എല്ലാം ഒരു തോന്നല്‍!

കുറോറ പാറമടയുടെ താഴ്‌വാരത്ത് ആയിടെ കണ്ടുമറന്ന പ്രായമേറെയുള്ള ഒരു കല്ലു വെട്ടുകാരനെയാണ്‌ ഓര്‍മ്മവന്നത്‌. ഒരു വലിയ കരിങ്കല്‍ കഷണം തോളിലേറ്റി കുതിര വണ്ടിയിലേക്ക്‌ തന്നെത്താനെ ചുമക്കുന്ന ബലിഷ്ഠനായ ഒരു വൃദ്ധന്‍. ഒരറുപതു കഴിഞ്ഞിട്ടുണ്ടാകും. നീണ്ടുനരച്ച വെള്ളിക്കമ്പുകള്‍പോലെ മുടി, താടിമീശ, തീക്ഷ്ണമായ ചാരനിറമുള്ള കണ്ണുകള്‍, നീണ്ടു ബലിഷ്ഠമായ കൈകാലുകള്‍. പാദം വരെ എത്തുന്ന തുകലില്‍ തുന്നിയെടുത്ത നീളന്‍ കുപ്പായം മാറില്‍ ചുറ്റിയിരിക്കുന്നു. പരുക്കന്‍ ചാക്കു ശീല! കയ്യില്‍ ഒരു വളഞ്ഞ വടി. ഏതോ കുഗ്രാമത്തില്‍നിന്നായിരിക്കാം ആ വൃദ്ധന്റെ വരവ്‌. ശില്പി അല്ലെന്ന്‌ കണ്ടാലറിയാം. അയാള്‍ തോളില്‍ താങ്ങിയ വലിയ കല്ലിന്‌ പ്രത്യേകിച്ച്‌ ആകൃതിയില്ല. ശില്പികള്‍ക്കുവേണ്ടി വെട്ടിയെടുക്കുന്ന
കല്ലുകളുടെ അവശിഷ്ടമാണ്‌. അവയ്ക്ക്‌ വില കൊടുക്കേണ്ടതില്ല. ആ വൃദ്ധന്‍ ഒരു കല്ലുവെട്ടുകാരന്‍ തന്നെ. കല്ലുവെട്ടുകാര്‍, കല്ലുകള്‍ ദീര്‍ഘചതുരത്തില്‍ വെട്ടിയെടുത്ത്‌ കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്ക്‌ വില്‍ക്കും. അതാണ്‌ അവരുടെ ഉപജീവന മാര്‍ഗ്ഗം.

കിട്ടിപ്പോയി ആ രൂപം! ഈ വൃദ്ധന്‍ തന്നെ ഇസ്രായേലിന്റെ രക്ഷകന്‍. മോശ! ഇതുതന്നെ! മൈക്കിള്‍ആന്‍ജലോ ആവേശപൂര്‍വ്വം ഉളിയും കൂടവുമെടുത്തു. കഠിനമായ പാറയില്‍ ആഞ്ഞാഞ്ഞു കൊത്തി. പാറമേല്‍ ഇരിക്കുന്ന രൂപം. കൈയില്‍ യഹോവായുടെ അഗ്നിനാളങ്ങള്‍ പോലെ രൂപപ്പെട്ട വിരലുകളാല്‍ എഴുതിയ പത്തു കല്പനകളുടെ ശിലാലിഖിതം. അവ മാംസപേശികളും തെറിച്ചു നില്‍ക്കുന്ന രക്തധമനികളുമുള്ള കൈകള്‍കൊണ്ട്‌ കൂട്ടിപ്പിടിച്ചിരിക്കുന്നു. അഗാധതയിലേക്ക്‌ നോക്കിയിരിക്കുന്ന കണ്ണുകള്‍! വാഗ്ദത്തഭൂമിയിലേക്ക്‌. പാലും തേനും ഒഴുകുന്ന കനാന്‍ ദേശത്തേക്ക്‌. എന്നാലിടയ്ക്കിടെ
ന്യായപ്രമാണങ്ങളെ ലംഘിച്ച്‌ വിഗ്രഹാരാധനയിലേക്കും നരബലിയിലേക്കുപോലും വഴുതിപ്പോകുന്ന തന്റെ ജനം ചിതറിപ്പോകുകകയും ഏറെ വര്‍ഷങ്ങള്‍ക്കുശേഷം കനാന്‍ എന്ന സ്വപ്നഭുമിയിലെത്തൂ എന്ന നിരാശ നിഴലിക്കുന്ന മുഖഭാവവും ആ ശില്പത്തിന്‌ ഉണ്ടായിരിക്കണം.

സൃഷ്ടി ആരംഭിച്ചു. കല്ലിനുള്ളിലെ രൂപം നിത്യേന തെളിഞ്ഞുവന്നു. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്‍. നൈല്‍ നദിയിലെ നീലത്താമരകളുടെ ഇടയിലൂടെ ഫറവോ സേത്തിയുടെ സഹോദരി ബത്തിയാ കണ്ടെടുത്ത, അടിമച്ചെക്കന്‍. വളര്‍ന്നപ്പോള്‍ സുന്ദരന്‍! ചെങ്കല്‍നിറവും ചാര നിറവുമുള്ള കണ്ണുകള്‍. പാറപോലെ ഉറച്ച ശരീരം. അവനറിഞ്ഞില്ല, അടിമ
യുടെ പുത്രനെന്ന്‌. ഒടുവില്‍ തിരിച്ചറിവുണ്ടായി, അടിമകളെ ഭരിക്കുന്ന അടിമയുടെ പുത്രനെന്ന്‌. പൂര്‍വ്വ പിതാക്കന്മാരായ അബ്രഹാമിന്റെയും യാക്കോബിന്റെയും ഇസഹാക്കിന്റെയും ദൈവമായ യഹോവാ അവന്‍ ധൈര്യം നല്‍കി. പിന്നെ നീണ്ട ഒരു തയ്യാറെടുപ്പ്‌. അപ്പോഴേക്കും വൃദ്ധനായി.

പക്ഷേ, നൂറില്‍പ്പരം വയസ്സുള്ള വൃദ്ധനായ മോശയ്ക്ക്‌ മറ്റൊരു കാഴ്ചപ്പാടാണ്‌. ചുക്കിച്ചുളിഞ്ഞതെങ്കിലും തേജസ്സുള്ള മുഖം. പ്രത്യേകിച്ചും സീനായ്‌ മലമുകളില്‍ യഹോവയെ കണ്ടശേഷം കാറ്റില്‍ പാറിപ്പറക്കുന്ന നീണ്ട വെള്ള താടി, മുടി. കയ്യില്‍ നീളത്തിലുള്ള ശക്തിയാല്‍ വളഞ്ഞ വടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ഫറവോന്റെ മന്ത്രവാദികള്‍ ഇറക്കിവിട്ട പാമ്പുകളെ ആ വടി, വലിയൊരു സര്‍പ്പമായി നേരിട്ടു വിഴുങ്ങി. പിന്നീടൊരിക്കല്‍ നൈലിലൂടെ ചോരപ്പുഴ ഒഴുകി.

എല്ലാം കല്ലില്‍ തെളിഞ്ഞുവരുന്നു. മനസ്സില്‍ വരച്ചിട്ട ചിത്രംപോലെ. കനാന്‍ ദേശത്തെ നോക്കിയിരിക്കുന്ന പ്രവാസി. അവിടെയാണ്‌ യഹോവഇസ്രായേല്‍ മക്കള്‍ക്ക്‌ സൌഭാഗ്യം ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ അത്‌ അകലെത്തന്നെ! എന്താണ്‌ ആദ്യത്തെ ന്യായപ്രമാണം? നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാകുന്നു. ഞാനല്ലാതെ മറ്റെരു ദൈവം നിനക്കൂണ്ടാകരുത്‌. നാനൂറ്റിയമ്പതു വര്‍ഷത്തെ അടിമത്തത്തില്‍ നിന്നാണ്‌ വലിയ പ്രവാചകനായ മോശ സ്വന്തം ജനത്തെ മോചിപ്പിച്ചത്‌. എന്നിട്ടും എത്ര തവണ ഒന്നാം പ്രമാണത്തെ അവര്‍ മറന്നു! അതില്‍ നിരാശനായ അടിമകളുടെ ലോകത്തെ ആദ്യത്തെ വക്താവ്‌- അതായിരിക്കണം ഈ വലിയ പാറയില്‍നിന്നിറങ്ങി വരേണ്ടത്‌.

കാലം ഒന്നു കറങ്ങി. മഞ്ഞും മഴയും വേനലും മാറിമാറി വന്നു. രണ്ടു വര്‍ഷമെടുത്തു കൊത്തിത്തീരാന്‍. പാറ മുഴുവന്‍ ഉപയോഗിച്ചു. എട്ടടി നാലിഞ്ച്‌ ഉയരത്തില്‍ പഴയ നിയമത്തിലെ ശക്തനായ പ്രവാചകന്‍, പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകൂടിരത്തെ അലങ്കരിക്കാന്‍ തയ്യാറായി. അല്പം മിനുക്കു പണികള്‍കൂടി നടത്തി പോളിഷ്ചെയ്താല്‍ നന്നായിരിക്കും. ആ ശ്രമത്തിനിടയില്‍, പോപ്പ്‌ ലിയോയുടെ ദൂതനായ മെത്രാന്‍, മൈക്കിളിനെ അറിയിച്ചു;

പോപ്പ്‌ ലിയോ എഴുന്നള്ളുന്നു, മോശയുടെ ശില്പം നേരില്‍ കാണാന്‍. മൈക്കിള്‍ പെട്ടെന്ന്‌ മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി, മെഴുകും ഒലിവെണ്ണയും കലര്‍ത്തി പോളിഷ് ചെയ്തു.

അതാ, പഴയ നിയമത്തിലെ വലിയ പ്രവാചകനായ മോശ!

മൈക്കിള്‍ആന്‍ജലോ അത്ഭുതപ്പെട്ടു. ഇത്‌ താന്‍ കൊത്തിയതോ! ഇസ്രായേല്‍ ജനതയെ ഈജിപ്റ്റില്‍നിന്നു നയിച്ച മോശ, ജീവനുള്ള മോശ. ചെങ്കടലിനെ വടി നീട്ടി വഴി പിളര്‍ന്ന മോശ! ഈജിപ്റ്റില്‍ നിന്ന്‌ തന്റെ ജനത്തെ മോചിപ്പിച്ച്‌ മരുഭൂമി കടന്ന മോശ!

മൈക്കിള്‍, കൂടമെടുത്ത്‌ മൃദുലമായി മോശയുടെ മുട്ടിന്‌ ഒരു കൊട്ടു കൊട്ടി ചോദിച്ചു:

നിനക്കെന്നോട്‌ ഒന്നു സംസാരിച്ചാലെന്താ! നിന്നെ സര്‍‌വ്വ തേജസ്സോടും കൂടി പോപ്പ്‌ ജൂലിയസിന്റെ മഹത്വത്തിന്‌ സൃഷ്ടിച്ചിരിക്കുന്നു. ജീവനുള്ള നിന്നെ! ഭൂമിയുള്ളിടത്തോളം കാലം എന്റെ നാമം നീ ഉയര്‍ത്തിപ്പിടിക്കുമെന്നെനിക്കറിയാം.

പെട്ടെന്ന്‌ മോശ എണീറ്റു നിന്നു. ഘനഗംഭീരമായ ശബ്ദം മുഴങ്ങി;

മൈക്കിള്‍ആന്‍ജലോ, നിന്റെ കരങ്ങള്‍ക്ക്‌ ശക്തി തന്നതു ഞാനാണ്‌. ഇനിയും നിനക്ക്‌ ഞാന്‍ ശക്തി തരും. യഹോവാ എനിക്കു തന്ന ശക്തി, നീ ധൈര്യമായിരിക്ക്‌. നിനക്ക്‌ ബാക്കി ശില്പങ്ങള്‍കൂടി കൊത്തി പോപ്പ്‌ ജൂലിയസിന്റെ ശവകുടീരം പൂര്‍ത്തിയാക്കാന്‍ കഴിയും. നിന്റെ ശക്തമായ കരങ്ങള്‍ ഇനിയും ഇനിയും നിരവധി ശില്പങ്ങള്‍ കൊത്തും. ചിത്രങ്ങള്‍ കൊത്തും. എങ്ങു നിന്നോ കുതിരകള്‍ പാഞ്ഞു വരുന്ന ശബ്ദം! മൈക്കിള്‍ മോശയുടെ പ്രതിമയെ ഉറ്റുനോക്കി. അതാ, മോശ പഴയപടി വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌ നിശ്ചലനായി പാറമേല്‍ത്തന്നെ ഇരിപ്പുണ്ട്‌.

പെട്ടെന്നൊരു വില്ലുവണ്ടി പാഞ്ഞുവന്നു നിന്നു. പേപ്പല്‍ മുദ്രയുള്ള വെള്ളക്കുതിരകളെ കെട്ടിയ കുതിര വണ്ടി. അതില്‍നിന്ന്‌ വെള്ളപ്പട്ടുകുപ്പായവും മീതെ ചുവപ്പ്‌ പട്ട്‌ അരക്കുപ്പായവും വെള്ള വട്ടത്തൊപ്പിയും ധരിച്ച പോപ്പ്‌ ലിയോ പത്താമന്‍ പുഞ്ചിരിയോടെ ഇറങ്ങിവന്നു.

മൈക്കിള്‍ആന്‍ജലോ കൈ മുത്തി വണങ്ങി പോപ്പിനെ ആസനസ്തനാക്കി ഭവ്യതയോടെ നിന്നു.

പോപ്പ്‌ മോശയുടെ പ്രതിമയെ അടിമുടി നോക്കി അഭിപ്രായപ്പെട്ടു.

കൊള്ളാം, കൊള്ളാം. ഉദ്ദേശിച്ചതിലേറെ നന്നായിരിക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത്‌ ഉപഹാരമാണ്‌ പോപ്പ്‌ ജൂലിയസിന്‌ നമുക്ക്‌ അര്‍പ്പിക്കാനാകുക? ഓ, എന്റെ കാലശേഷം ആരാണ്‌ ഇത്ര ശ്രേഷ്ഠമായ പ്രതിമകള്‍ എനിക്കു വേണ്ടി കൊത്തുക? നമുക്കൊരേ പ്രായമല്ലേ? നമ്മളിലാരാണ്‌ മുമ്പേ ഈ ഭൂമി വിട്ടു പോകുക എന്നാര്‍ക്കറിയാം! അതുകൊണ്ട്‌ ജൂലിയസ്‌ പോപ്പിന്‌ ഇതൊക്കെ മതി. ഇനിയും വേണ്ടത്‌ എനിക്കുവേണ്ടി, എന്റെ ശവകുടീരത്തിലേക്ക്‌ കുറേ പ്രതിമകള്‍ ഇപ്പഴേ കൊത്താനാരംഭിക്കണം. മറ്റാര്‍ക്കും ഇത്രസര്‍ഗ്ഗശക്തിയില്‍ കൊത്താനാവില്ല. ഡാവിന്‍ചിയും റാഫേലും നന്നായി വരയ്ക്കുമെങ്കിലും പ്രതിമ കൊത്താന്‍ മൈക്കിള്‍ തന്നെ സമര്‍ത്ഥന്‍! ഏതൊക്കെ പ്രതിമകള്‍ വേണമെന്നല്ലേ! ഞാനൊന്ന്‌ ആലോചിക്കട്ടെ. എന്തായാലും നമ്മുടെ വലിയ ഒരു പ്രതിമ വേണം. ഒരു പൂര്‍ണ്ണുകായ പ്രതിമ. അത്‌ നേരത്തെ കൊത്തിയാല്‍ നമുക്ക്‌ നേരില്‍ കാണാമല്ലോ.

നാല്പത്തിയാറ്‌ ചെറു പ്രതിമകള്‍ കൂടി പോപ്പ്‌ ജൂലിയസിന്റെ ഉടമ്പടിയിലുണ്ട്‌. അത്‌ പോപ്പ്‌ ലിയോയുടെ കാലത്ത്‌ നടക്കുമെന്ന്‌ തോന്നുന്നില്ല. ഇനിയും അതേപ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ല. ഇത്രയും തന്നെ പോപ്പ്‌ ജൂലിയസിനുവേണ്ടി ചെയ്യാന്‍ കഴിഞ്ഞതില്‍ മൈക്കിള്‍ ചരിതാര്‍ത്ഥനായി. കാലാകാലങ്ങളില്‍ അധികാരത്തിലേറുന്ന പോപ്പുമാര്‍ പല തരക്കാരാണ്‌. അവരെ ചുറ്റിപ്പറ്റിയുള്ള കൂരിയായുടെ തീരുമാനങ്ങളും വിഭിന്നമാണ്‌.

(……തുടരും)

Print Friendly, PDF & Email

Leave a Comment

More News