ദുബൈ: യുഎഇ ദേശീയ ദിനത്തിന്റെ ആവേശം എമിറേറ്റ്സിനെ വലയം ചെയ്തപ്പോൾ, വ്യാഴാഴ്ച രാജ്യത്തെ ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു.
യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
മാനുഷിക മൂല്യങ്ങൾ, മത ധാർമ്മികത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആവേശവും മഹത്തായ അഭിലാഷവുമുള്ള ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.
51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ ‘നേഷൻ ഷീൽഡി’ന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. യുഎഇ വികസിതവും ശക്തവുമായ ഒരു രാഷ്ട്രത്തിന്റെ അതുല്യ മാതൃകയായി ഇന്ന് മാറി. നമ്മുടെ രാജ്യത്തെ ലോകം മുഴുവൻ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നയിച്ച സ്ഥാപക പിതാക്കന്മാരുടെയും രാഷ്ട്ര സ്ഥാപകരായ അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും നിശ്ചയദാർഢ്യത്തിന്റെയും ജ്ഞാനത്തിന്റെയും വീക്ഷണത്തിന്റെയും ഉജ്ജ്വലമായ സ്മരണ അനുസ്മരിക്കുന്നുവെന്നും ഷെയ്ഖ് ഡോ.സുൽത്താൻ പറഞ്ഞു.
എമിറാത്തി ജനത യൂണിയനിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്ന ദിവസമാണ് യുഎഇ ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു.
1971 ഡിസംബർ 2ന് യുഎഇ സ്ഥാപിതമായതിന് ശേഷം ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹം ഉണർത്തിക്കൊണ്ട് ശോഭനമായ ഭാവിക്ക് തുടക്കമിട്ടെന്ന് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു.
ഗൾഫ് മേഖല നേരിടുന്ന എല്ലാത്തരം വെല്ലുവിളികളെയും തരണം ചെയ്യാൻ യുഎഇയെ പ്രാപ്തമാക്കിയ അഞ്ച് പതിറ്റാണ്ടുകളുടെ നിശ്ചയദാർഢ്യമാണ് 51-ാം ദേശീയ ദിനം ഉയർത്തിക്കാട്ടുന്നതെന്ന് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പറഞ്ഞു.
യുഎഇയുടെ സ്ഥാപക വാർഷികം അതിന്റെ സ്ഥാപക പിതാക്കന്മാരുടെ ശക്തമായ ഇച്ഛാശക്തിയെയും നിശ്ചയദാർഢ്യത്തെയും അഭിമാനത്തോടെ അനുസ്മരിക്കാനുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.