ചണ്ഡീഗഡ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപമുള്ള വയലിൽ നിന്ന് അഞ്ച് കിലോയിലധികം ഹെറോയിനടങ്ങുന്ന ഡ്രോൺ കണ്ടെത്തി.
ആറ് റോട്ടറുകളുള്ള ആളില്ലാ വിമാനമായ ഹെക്‌സാകോപ്റ്റർ, അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്ത് പഞ്ചാബ് പോലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്‌എഫ്) സംയുക്ത ഓപ്പറേഷനിലാണ് കണ്ടെടുത്തത്.
വ്യാഴം, വെള്ളി ദിവസങ്ങളിലെ രാത്രിയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉടൻ തന്നെ വിവരം ബിഎസ്‌എഫുമായി പങ്കിട്ടതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു.
നീലയും കറുപ്പും കലർന്ന ഹെക്‌സാകോപ്റ്ററും (മോഡൽ – ഇ 616 എസ്) കറുത്ത ടേപ്പിൽ പൊതിഞ്ഞ 5.60 കിലോഗ്രാം ഭാരമുള്ള അഞ്ച് പാക്കറ്റ് ഹെറോയിനും പ്രദേശവാസിയുടെ കൃഷിഭൂമിയിൽ കണ്ടതായി യാദവ് പറഞ്ഞു.
ഡ്രോണിന് ആധുനിക സാങ്കേതിക വിദ്യ ഉണ്ടെന്നും നല്ല ഭാരം ഉയർത്താൻ കഴിയുമെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എയർ ഡ്രോപ്പ് ചെയ്ത ഹെറോയിൻ ലഭിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സുഖ്മീന്ദർ സിംഗ് മാൻ പറഞ്ഞു.
നവംബർ 28 ന് അമൃത്‌സർ, തരൺ തരൺ ജില്ലകളിൽ ഇന്ത്യ-പാക് അതിർത്തിയിൽ രണ്ട് പാക്കിസ്താന്‍ ഡ്രോണുകൾ ബിഎസ്‌എഫ് വെടി വെച്ചിട്ടിരുന്നു. രണ്ട് ഹെക്‌സാകോപ്റ്ററുകളിലായി 10 കിലോ ഹെറോയിൻ ബിഎസ്എഫ് സേന അന്ന് കണ്ടെടുത്തു.
നവംബർ 30-ന് തർൺ തരണിലെ ഖൽറയിലെ വാൻ താരാ സിംഗ് ഗ്രാമത്തിൽ നിന്ന് തകർന്ന ക്വാഡ്‌കോപ്റ്റർ ഡ്രോൺ കണ്ടെടുത്തിരുന്നു.