കുവൈറ്റ് സിറ്റി: അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധിക ബാധ്യതയുണ്ടാക്കരുതെന്ന് കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ബാഹ്യ പദ്ധതികൾ നൽകുന്നതിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. കിന്റർഗാർട്ടൻ ഉൾപ്പെടെയുള്ള സ്കൂളുകൾ ഈ നിർദേശം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഒസാമ അൽ സത്താൻ വിദ്യാഭ്യാസ മേഖലകളിലെ ഡയറക്ടർ ജനറൽമാർക്കും മതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ, ഭരണ സ്ഥാപനങ്ങളെയോ വിദ്യാർത്ഥികളെയോ അവരുടെ രക്ഷിതാക്കളെയോ അഭ്യർത്ഥനകളുമായി സമീപിക്കരുതെന്നും അവരുടെ ചുമതലകളുടെ പരിധിക്കപ്പുറം സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടാതെ അവരോട് അല്ലെങ്കിൽ ഏതെങ്കിലും തുകയോ സംഭാവനകളോ അഭ്യർത്ഥിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. എല്ലാ വിദ്യാഭ്യാസ അല്ലെങ്കിൽ സ്കൂൾ ആവശ്യകതകളും സാമ്പത്തിക ഫണ്ട് അക്കൗണ്ടിൽ നിന്നോ സ്കൂൾ കാന്റീനിൽ നിന്നോ അല്ലെങ്കിൽ ഇക്കാര്യത്തിൽ പിന്തുടരുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട സയൻ്റിഫിക്ക് വകുപ്പുകളിൽ നിന്നോ നൽകണം. പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.