പത്തനംതിട്ട: ആന്ധ്രപ്രദേശില്‍ നിന്ന് ശബരിമലയിലേക്ക് വന്ന വാഹനം ളാഹയില്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആന്ധ്രാപ്രദേശിലെ എലുരുവില്‍ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി എട്ടു വയസ്സുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് ജന്മനാട്ടിലേക്ക് മടങ്ങി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മണികണ്ഠൻ സുഖം പ്രാപിച്ചതിനുശേഷമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും ആരോഗ്യമന്ത്രി വീണാ ജോർജിനെ വിളിച്ച് സന്തോഷം പങ്കുവച്ചു. തങ്ങളുടെ നാട്ടില്‍ പോലും കിട്ടാത്ത വിദഗ്ധ ചികിത്സയും പരിചരണവും ഇവിടെ നിന്ന് ലഭിച്ചു എന്ന് പിതാവ് പറഞ്ഞു. എന്നെ സഹായിച്ച മന്ത്രിയോടും ഡോക്ടർമാരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഗുരുതരാവസ്ഥയിൽ നിന്ന് മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു തന്നതില്‍ ഏറെ നന്ദിയുണ്ടെന്ന് പിതാവ് പറഞ്ഞു.
കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍ വച്ച് അപകടത്തില്‍പ്പെത്. മന്ത്രി വീണാ ജോര്‍ജ് അപകട സ്ഥലത്തെത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി.
മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് അത്യന്തം ചെലവുള്ള പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.
സര്‍ജറി, അനസ്തീഷ്യ, പീഡിയാട്രിക്, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ യോജിച്ചാണ് ചികിത്സ നടത്തിയത്.
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ്, ഡോ. ശിവകുമാര്‍, ഡോ. രതീഷ്, ഡോ. ആത്തിയ പ്രവീണ്‍, ഡോ. ഷെര്‍ബിന്‍, ഡോ. ഹരിപ്രിയ, ഡോ. ലക്ഷ്മി എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.മികച്ച ടീം വര്‍ക്കിലൂടെയാണ് മണികണ്ഠനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്. ആന്ധ്രാ പ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍.
ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും മണികണ്ഠൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നു. മണികണ്ഠന് 27 ദിവസം ആശുപത്രി സ്വന്തം വീട് പോലെയായിരുന്നു. മണികണ്ഠൻ എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞപ്പോള്‍ സൂപ്രണ്ടും മറ്റും ഉപഹാരങ്ങള്‍ നൽകി. അയ്യപ്പനോട് എന്റെ മകന് വലിയ ആരാധനയാണ്. മകന്റെ പേര് പോലും മണികണ്ഠൻ എന്നാണിട്ടിരിക്കുന്നത്. അടുത്ത വർഷം ഞങ്ങള്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുമെന്നും അപ്പോള്‍ വീണ്ടും കാണാമെന്നും പിതാവും മകനും പറഞ്ഞു.