കോഴിക്കോട്: അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പാ മേളയിൽ മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ പങ്കെടുക്കാൻ അവസരം. ഡിസംബർ 21 വരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള നടക്കുന്നത്.
തത്സമയ രജിസ്ട്രേഷനായി മേള നടക്കുന്ന എസ്ബിഐ ശാഖകൾ സന്ദർശിച്ചാൽ മതിയാകും. ഇതിനായി പാസ്‌പോർട്ട്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, നിർദിഷ്ട പദ്ധതിയുടെ സംക്ഷിപ്ത വിവരണം എന്നിവ ആവശ്യമാണ്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org/ndprem ലിങ്ക് അല്ലെങ്കിൽ ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ മെയില്‍ ശാഖകൾ, എസ്ബിഐ എസ്എംഇസിസി, തൃശൂർ ജില്ലയിലെ കരുണാകരൻ നമ്പ്യാർ റോഡ് ശാഖ എന്നിവിടങ്ങളിലാണ് വായ്പാ മേള നടക്കുന്നത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്‍പാ മേള. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.
NDPREM സ്കീമിന് കീഴിൽ, പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം മുതൽ പരമാവധി 30 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. കൃത്യമായ വായ്‍പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.