ദോഹ: ലോക കപ്പിനിടെ ഖത്തറിലെ സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺടൗൺ 40 ലക്ഷം പേര് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. സന്ദർശകരെ ആവേശം കൊള്ളിക്കുന്ന പ്രദർശനങ്ങൾ, വിനോദങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ മിഷെറിബില്‍ ഒരുക്കിയിരുന്നു. ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കുടുംബ സൗഹൃദ ലോകകപ്പ് പരിപാടികളും കാണികൾ ആസ്വദിച്ചു.
നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ സാംസ്കാരിക, കലാ, വിനോദ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പിലെ ടീമുകളുടെ വിജയം മിഷറെബിൽ ആരാധകർ ആഘോഷിച്ചു. സിഖത്ത് അൽ വാദി, മിശ്രെബ് ഗലേറിയ, ബരാഹത്ത് മിഷ്രെബ് എന്നിവിടങ്ങളില്‍ പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറി.
ലോകകപ്പിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനവും ഇവിടെയായിരുന്നു. 2,500 മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇവിടെ അത്യാധുനിക ബ്രോഡ്കാസ്റ്റിങ്, മീഡിയ സൗകര്യങ്ങളാണ് ഒരുക്കിയത്. മിഷ്റെബ്നഗരത്തിലുടനീളം സഞ്ചരിക്കാന്‍ ട്രാമുകളും സജീവമായിരുന്നു.