മാഞ്ചസ്റ്റര്‍ (ന്യൂഹാംപ്ഷയര്‍): ക്രിസ്തുമസ് രാവില്‍ കൊടുംതണുപ്പില്‍ നവജാത ശിശുവിനെ വനത്തിലെ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക ഷെഡില്‍ ഉപേക്ഷിച്ച 29 വയസ്സുള്ള മാതാവ് അലക്സാന്‍ഡ്രിയ എക്ക്കേഴ്സിലിനെ പോലീസ് പിടികൂടി ഫെലൊനി ചാര്‍ജ് ചെയ്തു.
മുന്‍ എം.എല്‍.ബി ഹാള്‍ ഓഫ് ഫെയിം ഡെന്നിസ് എക്കേഴ്സിലിയുടെ വളര്‍ത്തുപുത്രിയാണ് അലക്സാണ്ട്രിയ ഡെന്നിസ്. മയക്കുമരുന്നിന് അടിമയും ഭവനരഹിതവുമായിരുന്നു ഇവര്‍.
ക്രിസ്തുമസ് രാവിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന വനത്തില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു. സ്ഥലം വിടുകയായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ പോലീസ് ചീഫ് ജോണ്‍ സ്റ്റാര്‍ പറഞ്ഞു.
കുഞ്ഞിന് ജന്മം നല്‍കിയ വിവരം ആരോ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അലക്സാന്‍ഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമായി പറയുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ടെന്റിനെ കുറിച്ചു സൂചന നല്‍കുകയും, പോലീസ് അവിടെ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.
വസ്ത്രം ഒന്നും ഇല്ലാതെ കൊടും തണുപ്പില്‍ കഴിഞ്ഞ കുട്ടി ശ്വാസം പോലും എടുക്കുവാന്‍ പ്രയാസപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായ യുവതിക്ക് താന്‍ പ്രസവിച്ചുവോ എന്നു പോലും അറിയില്ലായിരുന്നു. അത്രയും മയക്കുമരുന്നിന് അടിമയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു.