ബിജെപി ഇതര ദേശീയ സർക്കാരിന് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണം : എസ്. ഇർഷാദ്

വെൽഫെയർ പാർട്ടി എറണാകുളം ജില്ല നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാജ്യത്തെയും ഭരണഘടനയെയും തകർക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ബിജെപി ഇതര ദേശീയ സർക്കാർ എന്ന കാഴ്ചപ്പാടിൽ ഒരുമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വംശീയ രാഷ്ട്രീയത്തെ തുറന്നെതിർക്കാനും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ നിർഭയമായി മുന്നിൽ നിൽക്കാനും വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ ഈയിടെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ നിന്നും അവരുടെ ജാമ്യത്തുകയോടൊപ്പം സർക്കാരിനുണ്ടായ നഷ്ടവും കൂടി ഈടാക്കിയെടുത്ത ശേഷവും ജപ്തി നടപടികൾ നടത്തുന്നത് യുപിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിന്റെ മറ്റൊരു പതിപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി ഗണേഷ് വടേരി പാർട്ടിയുടെ രാഷ്ട്രീയ റിപ്പോർട്ട് വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.എച്ച്. സദക്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഫായിസ കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ജമാലുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ഇ. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News