ദോഹ: സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ സര്‍വീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയര്‍ലൈന്‍ ആയ ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി .
ഷര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ ഖത്തറിെല സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഖത്തര്‍ ടൂറിസം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി ട്രാവല്‍ ആന്റ് ടൂറിസം പ്രൊഫഷണലുകളും പങ്കെടുത്തു. ഖത്തറിലെ സൗദി അംബാസഡര്‍, പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
ചടങ്ങില്‍ സംസാരിച്ച ഫ്ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി ഫ്‌ളൈ നാസ് പിന്നിട്ട വഴികളിലേക്ക് വെളിച്ചം വീശി.
ഫ്ളൈ നാസ് കഴിഞ്ഞ നവംബറില്‍ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദോഹയിലേക്ക് ദിവസേന 6 വിമാനങ്ങള്‍ എന്ന തോതില്‍ സര്‍വ്വീസ് ആരംഭിച്ചു, ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് 2022 ന് അതിഥികള്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കിയ സര്‍വീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
16 ലക്ഷ്യസ്ഥാനങ്ങളും 30 റൂട്ടുകളും സമാരംഭിച്ചതിന് പുറമേ, 2022-ല്‍ ഫ്ളൈനാസ് പ്രവര്‍ത്തനത്തിലും പ്രകടനത്തിലും ഇരട്ട വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, യാത്രക്കാരുടെ എണ്ണം 91% വര്‍ദ്ധിച്ച് 8.7 ദശലക്ഷമായും, വിമാനങ്ങള്‍ 45% വര്‍ധിച്ച് 43 വിമാനങ്ങളായും സീറ്റ് കപ്പാസിറ്റി 46% വര്‍ധിച്ച് 66,000 ആയും ഉയര്‍ന്നു. 2022-ല്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എന്ന സ്‌കൈട്രാക്സ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളോടെ ഫ്‌ളൈ നാസിന്റെ വിജയം അംഗീകരിക്കപ്പെട്ടതായി അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 10 എയര്‍ലൈനുകളില്‍ സ്‌കൈട്രാക്സിന്റെ പട്ടികയിലും ഫ്‌ളൈ നാസ് ഇടംനേടിയതായി അദ്ദേഹം പറഞ്ഞു. 2030 ഓടെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളും 330 ദശലക്ഷം യാത്രക്കാരുമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ വേള്‍ഡ് ട്രാവല്‍ അവാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായ എട്ടാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച ചെലവ് കുറഞ്ഞ എയര്‍ലൈന്‍ അവാര്‍ഡ് ഫ്‌ളൈ നാസ് നേടി.ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ അസോസിയേഷനുകളിലൊന്നായ ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനായ അപെക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ലോകത്തിലെ ചെലവ് കുറഞ്ഞ എയര്‍ലൈനുകളുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ഫോര്‍-സ്റ്റാര്‍ വിഭാഗത്തിലാണ് ഫ്‌ളൈ നാസ് സ്ഥാനം പിടിച്ചത്. അതില്‍ വിവിധ വിഭാഗങ്ങളിലായി 600 എയര്‍ലൈനുകള്‍ ഉള്‍പ്പെടുന്നു.
ഫ്ളൈ നാസ് സീനിയര്‍ സ്ട്രാറ്റജിക്ക് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷന്‍ സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ ഖഹ്താനി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ് റീജിയണല്‍ മാനേജര്‍ സയ്യിദ് മസ്ഹറുദ്ദീന്‍ , അല്‍ റയീസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് അല്‍ റയീസ് , ഫ്ളൈ നാസ് ഖത്തര്‍ ജി.എസ്. എ എവന്‍സ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫ്ളൈ നാസ് ഖത്തര്‍ മാനേജര്‍ അലി ആനക്കയം എന്നിവര്‍ നേതൃത്വം നല്‍കി.