ഒമ്പതാം ക്ലാസ്സ് പഠനത്തിനുശേഷമുള്ള മധ്യവേനലവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് ബാല്യകാല സുഹൃത്തറിയിച്ചത്. “നാളെ നമ്മുടെ ഗ്രാമത്തിലെ ആദ്യത്തെ സിനിമാ കൊട്ടകയുടെ ഉൽഘാടനമാണ്. മാറ്റിനി ഷോയ്ക്കു തന്നെ നമുക്കു പോകണം”. അങ്ങനെ വളരെയേറെ സന്തോഷത്തോടെ നാട്ടിൻപുറത്തെ സിനിമാ കൊട്ടകയിലെ ആദ്യപ്രദർശനം, സുഹൃത്തിനോടൊപ്പം കണ്ടിറങ്ങിയപ്പോൾ, പിന്നീടുവരുന്ന ഫസ്റ്റ് ഷോ കാണുവാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. നാൽപതു വർഷത്തോളം ഗ്രാമവാസികൾക്ക്, വിനോദ അനുഭൂതി പകർന്നു കൊണ്ട് സിനിമാ കൊട്ടക പാതയോരത്ത് തലയുയർത്തി നിലനിന്നിരുന്നു. കൊട്ടകയിൽ നിന്നും മാറ്റനിക്കു മുമ്പുള്ള ആദ്യഗാനം ഉയരുമ്പോളാണ് ഉച്ചകഴിഞ്ഞ് രണ്ടര മണിയായി എന്ന് പ്രദേശവാസികൾ അറിഞ്ഞിരുന്നത്. അതുപോലെ വൈകുന്നേരം ആറു മണിക്കും, രാത്രി ഒമ്പതരക്കും കൃത്യമായി, ഗാനങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചെത്തിയിരുന്നു.
അന്ന് ഒരുമിച്ചിരുന്ന് സിനിമാ കണ്ട പല പ്രദേശവാസികളും കാലയവനികക്ക് പിന്നിൽ മറഞ്ഞുപോയി. സിനിമയുടെ പേരും, കഥയും, മിക്ക അഭിനേതാക്കളും വിസ്‌മൃതിയിലാണ്ടു. പക്ഷെ, ബാല്യകാല സ്മ്രിതികൾ ഇടക്കിടെ മനസിലേക്കോടിയെത്തുമ്പോൾ, അന്ന് കൊട്ടക ഉത്ഘാടനത്തിനു കണ്ട സിനമയിലെ
“സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീധിനി” ———-
“മുത്തിന്റെ മുത്തുള്ള സ്നേഹോപഹാരമായി——-
എന്ന കുയിൽ നാദ സദൃശ്യമായ വാണിയമ്മയുടെ ഗാനം, പുളകാഗ്രങ്ങൾ അണിയിച്ചു കൊണ്ടേയിരിക്കുന്നു”.
“വൃശ്ചിക മാസത്തെ പന്തലിൽ വെച്ചോ,
പിച്ചക പൂവള്ളി കുടിലിൽ വച്ചോ”
എന്ന വരികളിലെ സ്വരമാധുര്യവും, ലയസാന്ദ്രതയും ഉള്ളിന്റെ ഉള്ളിൽ അലിഞ്ഞു ചേർന്നതുപോലെ അനുഭവപ്പെടുന്നു.
ഈ ഗാനത്തിന്റെ മാസ്മരിക പ്രഭാവത്താൽ, ഗാനരംഗത്തിൽ അഭിനയിച്ച സോമനും വിധുബാലയും ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നു.
അതേ വർഷം സ്കൂൾ യുവജനോത്സവത്തിന് ഒന്നാം സമ്മാനം ലഭിച്ചത് “ആഷാഢ മാസം, ആത്മാവിൽ മോഹം, അനുരാഗ മധുരമാമന്തരീക്ഷം” എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു.
“അർഹത പെട്ടതല്ലെങ്കിലും ഞാനെന്റെ അന്തരംഗം നിന്മുന്നിൽ തുറന്നു വെച്ചു” എന്ന വരികളിൽ വാണിയമ്മ “അർഹത” എന്നവാക്കിലെ “ർ” എന്ന അക്ഷരം ഉച്ചരിക്കുമ്പോൾ ഉളവാകുന്ന കാന്തിക പ്രസരണത്തിൻറെ അനുരണനം, ആത്മാനുഭൂതി ഉളവാക്കുന്നതാകുന്നു. എ ആര്‍ റഹ്മാനിന്റെ അച്ഛൻ ആർ കെ ശേഖറിന്റെ സംഗീതവും, വാണിയമ്മയുടെ സ്വരവും ഈ ഗാനത്തെ അത്യുന്നത തലത്തിലേക്കെത്തിച്ചു.
സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമായ ഈ ഭൂമിയിലെ ജീവിതം സ്വപ്ന സദൃശ്യമായി മുന്നോട്ടുകൊണ്ടുപോകാൻ വാണി ജയറാം എന്ന അനുഗ്രഹീത ഗായിക നൽകിയ സംഭാവന അതുല്യമാണ്.
അനേകം ഗാനങ്ങൾ മലയാളികൾക്ക് കാഴ്ചവെക്കാമായിരുന്ന വാണിയമ്മയെ, അവരുടെ തന്നെ ഗാനത്തിൽ സൂചിപ്പിക്കുന്നതുപോലെ,
നിന്നെ ഞാനെന്തു വിളിക്കും?
ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ?
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ?
അനേകം ആരാധകർ ആദരവോടെ ഓർക്കുമ്പോഴും, ഏകയായി ഈ ലോകത്തോടു വിടപറഞ്ഞ വാണിയമ്മക്ക്. ഏതോ ജന്മ വീഥികളിൽ ഇനിയും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ തല്ക്കാലം വിട.