ചിക്കാഗോ: ചിക്കാഗോ സിറ്റിയുടെ ചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ഭരണത്തിലേറിയ ആഫ്രിക്കൻ അമേരിക്കൻ വംശജയായ മേയർ ലോറി ലൈറ്റ്ഫുട്ട് തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രണ്ടാമുഴം എന്ന സ്വപ്നം ബാക്കിവച്ചുകൊണ്ടു പുറത്തേക്ക്.
വാശിയേറിയ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ ആർക്കും നിർദിഷ്ട അൻപത് ശതമാനം വോട്ട് ലഭിക്കാതെ വന്നതോടെ ആകെയുണ്ടായിരുന്ന ഒൻപത് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടു പേര് ഏപ്രിലിൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടിയതോടെയാണ് ലോറി ലൈറ്റ് ഫൂട്ട് മേയർ തെരെഞ്ഞെടുപ്പിൽ നിന്നും പുറത്തായത്.
ചിക്കാഗോ സിറ്റിയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന ഒരു മേയർ തെരെഞ്ഞെടുപ്പിൽ പരാജയപെടുന്നത്. ഏപ്രിലിൽ 4 ന് നടത്തപെടുന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിൽ ചിക്കാഗോ പബ്ലിക്ക് സ്കൂൾ ചീഫ് ആയിരുന്ന പോൾ വാലസും കൂക്ക് കൗണ്ടി കമ്മീഷണർ ബ്രാണ്ടൻ ജോൺസണും തമ്മിൽ മത്സരിക്കും. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഉണ്ടായ വർധനവും കോവിഡ് കാലത്തെ വിഷമങ്ങളും അവയിൽ നിന്നുള്ള സാവധാനമായുള്ള തിരിച്ചുവരവുമാണ് ലോറി ലൈറ്റ്ഫുട്ടിന്റെ തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിൽ മുൻപന്തിയിലാണ് ചിക്കാഗോയുടെ സ്ഥാനം. 2022 ൽ 695 പേരാണ് ചിക്കാഗോയിൽ കൊല്ലപ്പെട്ടത്. ക്രൈം റേറ്റ് കുറക്കുക എന്ന പ്രഖ്യാപിത നയങ്ങളുമായാണ് വര്ഷങ്ങളായി തെരെഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥികൾ എത്താറുള്ളത്. ഇത്തവണയും അതിന് മാറ്റമില്ല. പോൾ വാലസും ബ്രാണ്ടൻ ജോൺസണും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോറി ലൈറ്റ്ഫുട്ടിന്റെ മുഖ്യ വിമർശകർ തന്നെയായിരുന്നു.