എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്.
ഇഡിയുടെ വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതുകൊണ്ട് ജാമ്യം നൽകരുത്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേസന്വേഷണത്തെ ബാധിക്കും. ജാമ്യാപേക്ഷയെ എതിർത്ത ഇഡി കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായും അംഗീകരിച്ചു.
എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ ഉള്ളത്.