തിരുവനന്തപുരം, 4 മാർച്ച് 2023: അസിം പ്രേംജി സർവകലാശാലയുടെ ബംഗലൂരു ക്യാമ്പസ് പുതിയ അധ്യയന വർഷത്തിലേക്കുള്ള നാലു വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ചിട്ടപ്പെടുത്തിയ ഈ ബിരുദ കോഴ്സുകൾ സ്വതന്ത്രമായ പഠനപ്രവർത്തനം നടത്താൻ ശേഷിയുള്ള, സാമൂഹ്യബോധം പുലർത്തുന്നവരും വിമർശനാവബോധമുള്ളവരുമായ പുതുതലമുറയെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.
കൃത്യതയാർന്നതും ചിട്ടയോടു കൂടിയതുമായ വിഷയ പഠനം, തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന ഇന്റേൺഷിപ്പുകളോടുകൂടിയ അന്തർവൈജ്ഞാനിക പഠനസമീപനം, ആധുനിക ലോക ക്രമവുമായിഫലപ്രദമായി ഇടപെടാനുള്ള ശേഷി വികസിപ്പിച്ചെടുക്കാൻ സഹായകമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്‌സുകൾ, സവിശേഷ താല്പര്യ മേഖലകളിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ അനുവദിക്കുന്ന ക്രെഡിറ്റ് സിസ്റ്റം എന്നിങ്ങനെ, സംയോജിതമായ നാലു ഘടകങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഈ ബിരുദ പ്രോഗ്രാമുകൾ.
താഴെ പറയുന്ന ബിരുദ കോഴ്സുകൾക്കാണ് ബംഗലൂരു ക്യാംപസിൽ പ്രവേശനം നടക്കുന്നത്:
● ബി. എ ഹോണേഴ്സ് എക്കണോമിക്സ്/ ഇംഗ്ലീഷ്/ ഹിസ്റ്ററി/ ഫിലോസഫി/ സോഷ്യൽ സയൻസ് (നാല് വർഷ പ്രോഗ്രാമുകള്‍)
● ബി.എസ്.സി. ഹോണേഴ്സ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ്/ ഫിസിക്സ്/ എൻവയോൺമെൻ്റൽ സയൻസ് ആൻഡ് സസ്റ്റെയ്നബിലിറ്റി (നാല് വർഷ പ്രോഗ്രാമുകള്‍)
● ബി.എസ്.സി. ബി.എഡ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ്/ ഫിസിക്സ് (നാല് വർഷ പ്രോഗ്രാമുകള്‍)
ബിരുദ പ്രോഗ്രാമുകളുടെ സവിശേഷതകൾ ഇവയാണ്:
● സജീവമായ പഠനാന്തരീക്ഷമൊരുക്കുകയും വിദ്യാർത്ഥികളില്‍ വിമർശനാത്മക ചിന്ത വളർത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
● ഇന്ത്യയിലെ വെല്ലുവിളികൾ നിറഞ്ഞ സാമൂഹിക യാഥാർത്ഥ്യങ്ങളോട് ഇടപെടാൻ സജ്ജരാക്കുന്നു.
● തിരഞ്ഞെടുത്ത വിഷയത്തിൽ ചിട്ടയിലും ആഴത്തിലുമുള്ള അവഗാഹം നേടാൻ സഹായിക്കുന്നു.
● ബഹുവിഷയ പഠന സമീപനവും പ്രായോഗികമായ അറിവും ഉറപ്പാക്കുന്നതിലൂടെ താല്പര്യ മേഖലകളിൽ തൊഴിൽ അവസരങ്ങൾ നേടാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നു.
● വിപുലവും വ്യത്യസ്തവുമായ വിഷയങ്ങൾ പഠിക്കാനും സ്പെഷ്യലൈസ് ചെയ്യാനുമുള്ള അവസരം നൽകുന്നു.
രണ്ടാം റൗണ്ട് അഡ്മിഷനായി സർവകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഴുത്ത് പരീക്ഷക്ക് ശേഷം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അഭിമുഖ പരീക്ഷക്ക് ക്ഷണിക്കും. 2023 പ്രവേശന പ്രക്രിയ രണ്ടാം റൗണ്ട് പ്രവേശനം അപേക്ഷിക്കാനുള്ള അവസാന തീയതി 9 മാർച്ച് 2023 ആണ്. എൻട്രൻസ് പരീക്ഷ 9 ഏപ്രിൽ 2023 നും, അഭിമുഖ പരീക്ഷ ഏപ്രിൽ- മെയ് 2023 നും, ഓഫർ ലെറ്റർ മെയ് 2023 നും നടക്കും. ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 2023 നാണ്.
സാമ്പത്തിക സഹായം വിദ്യാർത്ഥികൾക്കിടയിലെ വൈവിധ്യവും പങ്കാളിത്തവും സവിശേഷമായ പ്രാധാന്യത്തോടെ സർവകലാശാല പരിഗണിക്കുന്നു. ട്യൂഷൻ, ഹോസ്റ്റൽ, ഭക്ഷണം എന്നിവയുൾപ്പെടുന്ന പൂർണ്ണവും ഭാഗികവുമായ അനവധി സ്കോളര്ഷിപ്പുകൾ വിദ്യാർത്ഥികളുടെ ആവശ്യാടിസ്ഥാനത്തിൽ നൽകി വരുന്നു.
ബംഗലൂരു നഗര പ്രാന്തത്തിലുള്ള സർജാപൂർ – അതിബെലെ റോഡിലുള്ള സർവകലാശാലയുടെ ക്യാംപസിലാണ് ക്ലാസുകൾ നടക്കുക. 100 ഏക്കറിൽ പരന്നു കിടക്കുന്ന ക്യാമ്പസിലെ നൂതന സജ്ജീകരണങ്ങൾ ഫലപ്രദമായ പഠന – അധ്യാപന അന്തരീക്ഷവും, ഊർജസ്വലമായ ക്യാമ്പസ് ജീവിതവും ഉറപ്പ് വരുത്തുന്നു. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം, അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, ഔട്ട്ഡോർ, ഇൻഡോർ ഗെയിമുകളുള്ള സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ക്യാമ്പസ്.
ഇതിനിടെ, അസിം പ്രേംജി സർവകലാശാലയുടെ ഭോപ്പാൽ ക്യാമ്പസ് ജൂലായ് 2023 അക്കാദമിക വർഷം മുതൽ പ്രവർത്തനക്ഷമമാക്കുവാനുള്ള നടപടികൾ തുടർന്നു വരുന്നു. സമാന ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമായിരിക്കും. ക്യാമ്പസിൻ്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടുണ്ട്.