എടത്വ:ആനപ്രമ്പാൽ ജെ.എം.എം.ജൂബിലി അഗതി മന്ദിരത്തിലെ ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിച്ച് പ്രദേശത്ത് അടിയന്തിര കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി.
38 അന്തേവാസികൾ ഉൾപ്പെടെ കഴിയുന്ന സ്ഥാപനത്തിലെ 2 കിണറുകളും വറ്റി. സമീപത്തെ തോട്ടിലെ നീരൊഴുക്ക് ഇല്ലാതാകുകയും മലിനമാകുകയും ചെയ്തു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് സൗഹൃദ വേദി എന്ന സന്നദ്ധ സംഘടന ഇതിനോടകം 9000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു.ഇത്രയും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.
തലവടി പഞ്ചായത്ത് വാർഡ് 12-ൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
തോടുകളിലെയും പാടശേഖരങ്ങളിലെ വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്.തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ തോട്ടിലെ മാലിന്യം നീക്കിയിരുന്നു.
മുൻ വർഷങ്ങളിൽ മാർച്ച് മാസം ആദ്യത്തോടെ കുടിവെള്ള വിതരണം ആരംഭിച്ചിരുന്നതായും ഈ വർഷം വേനൽ രൂക്ഷമായിട്ടും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
റെന്നി തോമസ്, വിനോദ് പുത്തൻപുരയിചിറയിൽ, ജിബി ഈപ്പൻ വാലയിൽ എന്നിവർ സൗഹൃദവേദിയുടെ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കി.