കണ്ണൂർ: കണ്ണൂരിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ വടകര സ്വദേശി കാളത്തി പറമ്പിൽ വീട്ടിൽ കെ.പി സലീല്‍ കുമാറാണ് അറസ്റ്റിലായത്. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ ബ്ലാബ്ലാ കാർ എന്ന കാർ പൂളിംഗ് ആപ്പ് വഴി കാർ പൂൾ ചെയ്യുന്നതിനിടെയാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്.
കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ യുവാവിന്റെ നീക്കങ്ങൾ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. കർണാടകയിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അഞ്ചിരട്ടി വിലയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.