കുടുംബ സദസ്സുകളിൽ നറുമണം പരത്തി “ജവാനും മുല്ലപ്പൂവും” എന്ന മലയാള സിനിമ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നു. 2019 നു ശേഷം മൊബൈലും,ലാപ്ടോപ്പും,ഡെസ്ക്ടോപ്പുകളും എല്ലാം മലയാളികളുടെ ജീവിത ശൈലിയിൽ നിർണ്ണായക മാറ്റം കൊണ്ടുവന്നു. അതോടൊപ്പം തന്നെ വര്ധിച്ചുവന്ന കുറ്റകൃത്യങ്ങളിൽ മുൻപന്തിയിൽ നില്കുന്നത് സൈബർ അറ്റാക്കുകൾ ആണ്. കോവിഡ് മഹാമാരിയ്ക്കു മുൻപുവരെ ഈ ആധുനിക ഉപകരണങ്ങളുടെ ഉപയാഗത്തിൽ നിന്നും സംഭവിയ്ക്കാവുന്ന ആപത്തുകളെ കുറിച്ച് ഒട്ടനവധി ബോധവത്കരണ ക്ളാസ്സുകൾ സംഗടിപ്പിച്ചവരാണ് മലയാളി സമൂഹം. എന്നാൽ പാഠ്യ മേഖലയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഉപകരണങ്ങൾ ആയി കോവിഡ് ഇവയെ മാറ്റിയപ്പോൾ ഓൺലൈൻ സൈബർ കുറ്റകൃത്യങ്ങൾ പതിന്മടങ്ങു വർധിച്ചു. ഈ ഒരു സമകാലിക പ്രശ്മാത്തിൽ ഊന്നി നിന്നുകൊണ്ട് ഉള്ള ഒരു നല്ല സിനിമയാണ് “ജവാനും മുല്ലപ്പൂവും”. സമാന വിഷയത്തിൽ ഊന്നി മലയാളത്തിൽ മറ്റു ഹൈടെക്ക് സിനിമകൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട് എങ്കിലും, ഒരു സാധാരണക്കാരന്റെയോ , ഇടത്തട്ടു വരുമാനക്കാരന്റെയോ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥ സഞ്ചരിയ്ക്കുന്നതു.
ജയശ്രീ ടീച്ചറിന്റെയും,ഗിരിയുടെയും (റിട്ട.ജവാൻ) ചെറിയ കുടുംബവും,സ്കൂളും പരിസരവും,മാത്രമായി ഈ കഥ നല്ല അർത്ഥവത്തായ സന്ദേശങ്ങൾ മലയാളി കുടുംബങ്ങൾക്ക് സമ്മാനിയ്ക്കുന്നു, എന്നതാണ് ഈ സിനിമയുടെ മൂല്യം. ഒട്ടനവധി കഥകളിലൂടെ വായനയുടെ കൂട്ടുകാർക്കു കുളിർ മഴ നൽകിയ സുരേഷ് കൃഷ്ണന്റെ കഥയും,തിരക്കഥയും സസൂഷ്മം,വളരെ ലളിതമായ ശൈലിയിൽ ഒരു വലിയ സന്ദേശത്തെ,പ്രായഭേദമന്യേ മനസ്സിലാക്കി കൊടുക്കുന്നതിനും,ചിന്തിപ്പിയ്ക്കുന്നതിനും, സ്വയമായി മാറ്റപ്പെടുന്നതിനും ഉള്ള വീഥി ഒരുക്കുന്നു. ചിരിക്കുകയും,ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന നല്ല സിനിമകൾ മലയാളത്തിന് നഷ്ടമായ ഈ ആധുനികതയിൽ കുടുംബസമേതം കാണേണ്ടുന്ന ഒരു സിനിമയാണ് “ജവാനും മുല്ലപ്പൂവും”
നല്ലൊരു അധ്യാപികയും,കുടുംബിനിയും,അമ്മയും,നാട്ടുകാരുടെയും, സഹ പ്രവർത്തകരുടെയും ഒക്കെ സ്നേഹ പാത്രമായി ഉള്ള ശിവദ യുടെ (ജയശ്രീ ടീച്ചർ) അഭിനയം പ്രേക്ഷക മനസ്സുകളിൽ എവിടെയോ എപ്പോഴൊക്കെയോ കണ്ടു മുട്ടിയ ഒരു അധ്യാപികയെ ഓർമ്മപ്പെടുത്തും എന്നത് തീർച്ചയാണ്. ജവാനായി വേഷമിടുന്ന സുരേഷ് ചദ്രനും , മകളായി വേഷമിടുന്ന ബേബി സാധിക മേനോനും തകർത്തു അഭിനയിച്ച സിനിമയുടെ മികവ് കഥാ കൃത്തായ സുരേഷ് കൃഷ്ണന്റെ ഭാവനാ വൈഭവവും,പ്രേക്ഷക ഹൃദയങ്ങളെ മനസ്സിലാക്കുവാനുള്ള വിശാല വീക്ഷണവും കൂടിയാണ്.
കെ എസ്സ് ചിത്ര ആലപിച്ച ഗാനവും, മികവ് പുലർത്തുന്ന ഛായാഗ്രഹണവും,പശ്ചാത്തല സംഗീതവും, രഘു മേനോന്റെ സംവിധാനത്തിൽ മലയാളത്തിന് വളരെ നാളുകൾക്കു ശേഷം സമകാലിക പ്രാധാന്യമുള്ള വിഷയത്തിൽ ഊന്നി ഒരു കുടുംബ ചിത്രം സമ്മാനിച് എന്നതാണ് “ജവാനും മുല്ലപ്പൂവും” എന്ന ചിത്രത്തിന്റെ സവിശേഷത. ഞാനും,നിങ്ങളും,നമ്മൾ എല്ലാവരും ഉൾപ്പെടുന്ന ഒരു കഥയായി “ജവാനും മുല്ലപ്പൂവും” അവതരിപ്പിച്ച കഥാകൃത്തിനും, സിനിമയുടെ എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കുടുംബ സദസ്സുകളിൽ നറുമണം തൂവി നിരവധി ചിത്രങ്ങൾ നിർമ്മിയ്ക്കുവാൻ ഈ കൂട്ടുകെട്ടിനു ഇനിയും കഴിയട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു.