പാലക്കാട്: ചെറിയ പെരുന്നാളും സമരത്തിന്റെ 21-ാം വാർഷികവും പ്രമാണിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന കോളക്കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ ഉദ്ഘാടനം ചെയ്തു. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനിയുടെ സ്വത്തുവകകൾ മുഴുവൻ സർക്കാറിന് നൽകാമെന്ന കമ്പനി നിലപാട് ഭരണകൂടത്തിന്റെയും കമ്പനിയുടെയും ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ കോളക്കമ്പനിയെ നാടുവിട്ടുപോകാൻ സഹായിക്കുന്ന നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമരസമിതി നേതാക്കളായ ശക്തിവേൽ, മുരുകൻ, ശാന്തി, ഭാഗ്യ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അസ്ന വടക്കഞ്ചേരി, മണ്ഡലം കൺവീനർ നദീർ, സൈദ് ഇബ്രാഹീം, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻ ദാസ് പറളി സമാപനം നിർവഹിച്ചു. പെരുന്നാൾ ദിനം സമരപന്തലിൽ സത്യഗ്രഹമിരുന്ന ഭാഗ്യയമ്മക്ക് അദ്ദേഹം വെള്ളം നൽകി സമരമവസാനിപ്പിച്ചു. അനിശ്ചിതകാല സമരപന്തലിൽ വെച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ സമരപോരാളികൾക്ക് പെരുന്നാൾ ഭക്ഷണവും മധുരവും നൽകി.
Photo: പെരുന്നാളും സമരവാർഷികത്തോടനുബന്ധിച്ചും ഫ്രറ്റേണിറ്റി പ്രവർത്തകർ പ്ലാച്ചിമട സമരപന്തൽ സന്ദർശിച്ചതിന്റെ ഭാഗമായി കോളക്കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ ഉദ്ഘാടനം ചെയ്യുന്നു