ദോഹ: മലയാള സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച അനുഗൃഹീത കലാകാരൻമാരായ വിടപറഞ്ഞുപോയ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ അനുസ്മരിച്ചു കൊണ്ട് കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി കലാ വിഭാഗം ഹാസ്യ സാമ്രാട്ടുകളെ ഓർക്കുമ്പോൾ എന്ന പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻമാരാണെന്നും, ജീവിത പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും നിലപാടുകൾ അത് തുറന്ന് പറയാനുള്ളതാണെന്നും മലയാളികളെ പഠിപ്പിക്കുകയും ചെയ്ത മഹാരഥൻമാരാണ് ഇന്നസെന്റും മാമുക്കോയയും എന്നും അനുസ്മരിച്ചു.
കൾച്ചറൽ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ് , അനീസ് റഹ്മാൻ മാള, എന്നിവർ സംസാരിച്ചു.
ഖത്തറിലെ കലാകാരൻമാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വ്യത്യസ്ത കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലീം എൻ പി സ്വാഗതവും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ സെക്രട്ടറി അൽജാബിർ നന്ദിയും പറഞ്ഞു.