എടത്വ: സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു. ഇന്നലെ എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് സംഗീത അദ്ധ്യാപകൻ എടത്വ കണ്ടത്തിൽ ബിൽബി മാത്യൂവിൻ്റെ നേതൃത്വത്തിൽ ചെണ്ടമേളവും കൊമ്പും അരങ്ങേറിയത്. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തുന്നതു വരെ മേളത്തോടൊപ്പം ബിൽബി മാത്യൂവിൻ്റെ പ്രകടനം ശ്രദ്ധേയമായി. സുനിൽ കുമാർ അശാനിനിൽ നിന്നും ചെണ്ടമേളവും , അജി ആശാനിൽ നിന്നും കൊമ്പും ദിലീപ് ആശാനിൽ നിന്നു താളവും അഭ്യസിച്ച ബിൽബി മാത്യൂ ശിഷ്യഗണത്തിന് ഏറെ പ്രിയപെട്ട ഗുരു കൂടിയാണ്.
മുൻ വർഷങ്ങളിൽ തിരുനാൾ ജനറൽ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം എടത്വപള്ളിയിൽ ആദ്യമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം തിരുനാൾ സംഘടിപ്പിക്കുന്നതിന് മുൻകൈ എടുത്തതിന് ജില്ലാ ഭരണകൂടത്തിൻ്റെ പ്രശംസപത്രം എടത്വ പള്ളിക്കാര്യത്തിന് ലഭിച്ചിട്ടുണ്ട്.നിലവിൽ ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, ഗ്രീൻ കമ്മ്യൂണിറ്റി കോർഡിനേറ്റർ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. എടത്വ ടൗണിൽ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചതിന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ അനുമോദിച്ചിട്ടുണ്ട്. എടത്വ വികസന സമിതിയുടെ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ സമൂഹനന്മയ്ക്ക് ഇടയായിട്ടുണ്ട്. കുവൈറ്റിൽ ആരോഗ്യ പ്രവർത്തകയായ സിതാര ക്ലീറ്റസാണ് ഭാര്യ.ശ്രമകരമായ പരിശ്രമങ്ങളിലൂടെ ആഗ്രഹം സഫലമാക്കിയ ദൈവത്തിന് മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകനായ ബിൽബി മാത്യൂ കണ്ടത്തിൽ നന്ദി അറിയിച്ചു .