കന്നട മണ്ണിന് പുതിയ മുഖ്യമന്ത്രിയെ എറെ ചര്‍ച്ചകള്‍ക്കും അതിലേറെ ആകാംഷയ്ക്കുമൊടുവില്‍ സീതാരാമയ്യ കര്‍ണ്ണാടകയുടെ നാഥനായി. അഭിപ്രായ സര്‍വ്വേയില്‍ അദ്ദേഹം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തിലെ മിന്നും വിജയം പല കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടി മുറുക്കിയതോടെയാണ് അതിനു കാരണം. മാധ്യമങ്ങള്‍ പല പുതിയ മാനങ്ങള്‍ അതോടെ നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള പതിവ് അടിയെന്ന നിലയില്‍ അവര്‍ അത് ആഘോഷിച്ചു. എന്നാല്‍ അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഡി.കെ. ശിവകുമാര്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചതോടെ മഞ്ഞുരുകി മലപോലെ കോണ്‍ഗ്രസ്സിന്‍റെ പതനമാഘോഷിച്ചവര്‍ എലിപോലെ ഓടിയൊളിച്ചു. അങ്ങനെ സീതാരാമയ്യ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റ് ഉപമുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ്സ് മന്ത്രിസഭ അധികാരമേറഅറു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് മന്ത്രിസഭയെന്നതാണ് ഈ മന്ത്രിസഭയുടെ ഒരു പ്രത്യേകത. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മന്ത്രിസഭകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു കര്‍ണ്ണാടക.
അഴിമതിയില്‍ കുളിച്ച ഒരു ഭരണത്തെ പുറത്താക്കിയ കന്നട ജനത കോണ്‍ഗ്രസ്സിന് ഒരവസരം കൂടി കൊടുത്തിരിക്കുന്നു. മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന ഉറപ്പിേډല്‍ കന്നട ജനത കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചതെങ്കില്‍ അത് നൂറ് ശതമാനവും ഉറപ്പ് വുത്തികൊണ്ടാകണം ഭരണം നടത്തേണ്ടത്. നാല്പത് ശതമാനം കമ്മീഷന്‍ എന്ന രീതിയില്‍ ഏത് പദ്ധതി നടത്തിയാലും അഴിമതിയെന്നതായിരുന്നു മുന്‍ സര്‍ക്കാരിന്‍റെ രീതി. അതിന് തിരിച്ചടി നല്‍കിയ ജനം തിരിച്ചടിക്കാനും മടിക്കില്ല കോണ്‍ഗ്രസ്സ് മന്ത്രിസഭയും ആ പാത പിന്‍തുടര്‍ന്നാല്‍.
വിവേകവും വിവരവുമുള്ള ഒരു ജനതയാണ് കന്നട ജനതയെന്ന് പറയാതെ വയ്യ. നൂറ് ശതമാനം സാക്ഷരതയെന്ന് അഭഇമാനിക്കുന്ന കേരളത്തെപ്പോലും പിന്‍തള്ളുന്നതാണ് അവരുടെ ജനാധിപത്യബോധം എന്ന് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ തെളിയിച്ചു. വര്‍ഗ്ഗീയതയുടെ അവസാന അറ്റം വരെ പ്രചരണം നടത്തി വിജയിക്കാനുള്ള വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രത്തിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പില്‍ കന്നട ജനത നല്‍കിയത്. വര്‍ഗ്ഗീയത പുഴുങ്ങി തിന്നാല്‍ വിശപ്പടങ്ങില്ലെന്ന ഒരു തുറന്നു പറച്ചില്‍ ആയിരുന്നു കന്നട മണ്ണിലെ ജനത നല്‍കിയ സന്ദേശം. ആഹാരത്തേക്കാള്‍ നാലുനേരവും വര്‍ഗ്ഗീയതയായിരുന്നു അവരുടെ മുന്‍പിലേക്ക് ഇട്ടുകൊടുത്തത്.
വിപ്ലവത്തിന്‍റെ വീര്യം കുത്തിനിറച്ച് ജനത്തിന്‍റെ വായടപ്പിക്കുന്ന വിപ്ലവ രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രവും വര്‍ഗ്ഗീയത വായില്‍ കുത്തിതിരുകി വാതുറപ്പിക്കാത്ത വര്‍ഗ്ഗീയ പാര്‍ട്ടികളും കര്‍ണ്ണാടകയില്‍ അടി തെറ്റി വീണത് ജനാധിപത്യവിശ്വാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. വിശപ്പിനേക്കാള്‍ വലുതായി മറ്റൊന്ന് ഇല്ലായെന്ന ജനത്തിന്‍റെ തിരിച്ചറിവാണ് കര്‍ണ്ണാടകത്തിലേക്ക് നോക്കുന്ന ഏതൊരു വ്യക്തിക്കും മനസ്ലിലാകുന്നത്. രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്ന ഒരു ജനം ഉണ്ടെന്ന തിരിച്ചറിവില്‍ രാഷ്ട്രീയക്കാര്‍ ചിന്തിച്ചു തുടങ്ങാന്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കാരണമായി എന്നുവേണം കരുതാന്‍. വാഗ്ദാനങ്ങള്‍ക്കും പണക്കൊഴുപ്പിനുമപ്പുറം ഒരു ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും നാടിന്‍റെ വളര്‍ച്ചയ്ക്കും ലക്ഷ്യമിടാന്‍ കഴിയുന്ന ഒരു ഭരണകൂടത്തെയാണ് തങ്ങള്‍ക്കുവേണ്ടതെന്ന് കന്നട ജനത നല്‍കുന്ന സന്ദേശം.
കന്നട മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനതയുടെ മാറുന്ന ഒരു കാഴ്ചപ്പാടായിരിക്കുമോയെന്ന് നോക്കേണ്ടതായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയും വിപ്ലവവും വാതോരാതെ പറയുകയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നാടിന്ഡറെയും ജനതയുടെയും വികസനം പറഞ്ഞുകൊണ്ട് വോട്ട് തേടുന്നവര്‍ ഇനി മുതല്‍ ചിന്തിക്കേണ്ടതാണ് കന്നടയിലെ നിയമസഭ തെരഞ്ഞെടുപ്പ്. ആര് എന്നതല്ല എന്ത് എന്നതാണ് വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഒരു ജനതയുടെ പ്രവര്‍ത്തി.
വര്‍ഗ്ഗീയ കാര്‍ഡിട്ട് ജനത്തെ വിലക്കുവാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. നാലു നേരത്തില്‍ ഒരു നേരം ഭക്ഷണവും മൂന്ന് നേരം വര്‍ഗ്ഗീയതയും വിപ്ലവവും നല്‍കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് കടന്നട ജനത നല്‍കിയത്. ഈ കൂട്ടര്‍ക്കുള്ള താക്കീതു കൂടിയായും ഇത് കരുതാം. സത്യത്തില്‍ അതില്‍ കന്നട ജനതയെ അഭിനന്ദിക്കേണ്ടതാണ്. കേവലം വാഗ്ദാനങ്ങള്‍ക്കൊണ്ട് ജനത്തെ കൈയ്യിലെടുത്ത് അധികാരത്തില്‍ കയറാമെന്ന് വ്യാമോഹിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒരു മുന്നറിയിപ്പുകൂടി ഈ തെരഞ്ഞെടുപ്പില്‍ കന്നട ജനത നല്‍കിക്കഴിഞ്ഞു.
ഇത് ഒരു തുടക്കം മാത്രമാണ്. അത് മറ്റ് സംസ്ഥാനങ്ങളിലെ ജനതയെ കൂടി ചിന്തിപ്പിക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഇനിയും നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ലോകസഭ തെരഞ്ഞെടുപ്പിലും ജനം ചിന്തിക്കാനും അവരുടെ ചിന്താശക്തിക്കൊത്ത് പ്രവര്‍ത്തിക്കാനും ഇത് കാരണമാകുമെന്ന് കരുതാം. തങ്ങള്‍ക്കുവേണ്ടതെന്തെന്നുള്ള ഒരു ജനതയുടെ പ്രതിനിധികളാണ് കന്നടയിലെ ജനത. അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നതില്‍ സംശയമില്ല. ഒരു തകരപ്പാട്ടയില്‍ പണിത വീടിനുള്ളില്‍ ഒരു കഷണം റൊട്ടിയും അല്പം ഉള്ളിയുമായി ജീവിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. ആധുനിക ലോകത്തിലെ ഇന്ത്യയില്‍, അതില്‍ നിന്ന് ഒരു മാറ്റം വേണമെന്ന ചിന്ത കന്നടയിലെ ജനങ്ങള്‍ നല്‍കുന്നു.
കാലത്തിനൊത്ത ജീവിത നിലവാരമില്ലാത്ത ഒരു വലിയ സമൂഹം ഇന്ന് ഇന്ത്യയിലുണ്ട്. ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും വികസന പദ്ധതികളുടെ കുറവും അതിനൊരു കാരണം തന്നെയാണ്. അധികാരം കിട്ടാന്‍വേണ്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ വമ്പന്‍ പദ്ധതികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിക്കാറുണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനേക്കാള്‍ മോഹന വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കാറുണ്ട്. സ്ഥാനാര്‍ത്ഥി സാറാമ്മയില്‍ അടൂര്‍ഭാസി പാടുന്നതുപോലെ തോട്ടിന്‍ കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും എന്‍ജിയോമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം ഇരട്ടിയാക്കും കൃഷിക്കാര്‍ക്ക് വിളഭൂമി പണക്കാര്‍ക്ക് മരുഭൂമി തുടങ്ങിയതുപോലെ എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതെന്താണെന്നുപോലും ഓര്‍ക്കാറില്ല രാഷ്ട്രീയ പാര്‍ട്ടികള്‍.
എന്നാല്‍ കര്‍ണ്ണാടകയില്‍ അതിനൊരു മാറ്റം വന്നുയെന്നു വേണം ചിന്തിക്കാന്‍. കാരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അവര്‍ പറഞ്ഞിരുന്ന ആദ്യത്തെ അഞ്ച് വാഗ്ദാനങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടന്ന ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ പാലിക്കപ്പെടാനുള്ള ഉത്തരവ് പാസ്സാക്കി. ആദ്യ 200 യൂണിറ്റ് വൈദ്യുതി സൗജന്യവും കുടുംബിനികള്‍ക്ക് 2000 രൂപ പ്രതിമാസം നല്‍കുന്നതിനുള്‍പ്പെടെയുള്ളവയായിരുന്നു ആ തീരുമാനം. ജനോപകാര പ്രദമായ തീരുമാനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണിതെന്ന് തുടക്കത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ ഈ തീരുമാനത്തില്‍ കൂടി കഴിയും.
എന്നാല്‍ അത് പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെ ആകരുത്. ആരംഭ ശൂരത്വമായി അത് അവസാനിക്കുകയും ചെയ്യരുത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും മുന്‍ഗണന ക്രമത്തില്‍ നടപ്പാക്കി ജനങ്ങള്‍ക്ക് മാതൃകയാകുന്ന ഒരു സര്‍ക്കാരായി മാറണം കര്‍ണ്ണാടകയിലെ സിതാരാമ്മയ സര്‍ക്കാര്‍. അങ്ങനെ ഒരു ജനകീയ സര്‍ക്കാര്‍ എന്നതോടൊപ്പം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെടുന്ന സര്‍ക്കാരെന്നു കൂടിയുള്ള പ്രതിച്ഛായയോടെ ആ സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തീകരിക്കണം. എങ്കില്‍ മാത്രമെ അത് ഒരു പ്രകടന സര്‍ക്കാരല്ല എന്ന് ചിന്തിക്കുകയുള്ളു. കര്‍ണ്ണാടക സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ഒരു പ്രതീക്ഷയാണ്. അതില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ വിജയിച്ചു. ഇത് മറ്റ് സര്‍ക്കാരുകള്‍ക്കും ഒരു മാതൃകയാകും. അങ്ങനെ ഒരു മാറ്റം എല്ലാ ഭാഗത്തു നിന്നുമുണ്ടാകും. എങ്കില്‍ മാത്രമെ ഒരു രാജ്യവും പ്രദേശങ്ങളും വികസനത്തില്‍ മുന്നോട്ടുപോകുകയുള്ളു.
ജാതിയും മതവും വോട്ടാക്കി മാറ്റുന്ന രീതിക്ക് മാറ്റമുണ്ടാകണം. ഒരു ജാതിയും മതവും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. മറിച്ച് അവരുടെ അദ്ധ്വാനഫലത്തിന്‍റെ പങ്ക് പറ്റി അതില്‍ തഴച്ചു വളരുന്നു. അതിനൊരു മാറ്റമുണ്ടാകണം. ഉണ്ടായെ മതിയാകൂ. കര്‍ണ്ണാടക അതിന് തുടക്കം കുറിച്ചു. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്ന് ആശംസിക്കാം.