പരപ്പനങ്ങാടി : മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത കാലങ്ങളായി സർക്കാർ തുടരുന്ന വിവേചനത്തിന്റെ പ്രശ്നമാണ്. മലപ്പുറത്തോടും മലബാറിനോടും പതിറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗത്തും മറ്റു വികസന രംഗങ്ങളിലും ഈ വിവേചനം തുടരുന്നു.
പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ മലബാറിലെ വിദ്യാർഥികളോട് സർക്കാർ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്ലസ് വൺ സീറ്റ് അപര്യാപ്തത വിഷയത്തിൽ പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുകയും കമ്മീഷന്റെ ശുപാർശകൾ ഉടൻ നടപ്പിലാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരണത്തിന്റെ 20 വർഷം പൂർത്തിയായ ഘട്ടത്തിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ പരപ്പനങ്ങാടിയിൽ റാലിയും പൊതുസമ്മേളനവും നടന്നു.
പൊതു സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഹക്കിം നദ്‌വി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാഗം ഡോ. നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുൽ ബാസിത് പി.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് സമാപനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന നന്ദിയും പറഞ്ഞു. പരപ്പനങ്ങാടി ടൗണിൽ നടന്ന യുവജനറാലിക്ക് ജില്ലാ സെക്രട്ടറിമാരായ ഹാരിസ് പടപ്പറമ്പ്, യാസിർ കൊണ്ടോട്ടി, ജില്ലാ സമിതി അംഗങ്ങളായവാഹിദ് കോഡൂർ യുസിർ മഞ്ചേരി, സഫീദ് പൊന്നാനി, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.