നിലമ്പൂര്‍: രണ്ട് മാന്‍ കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ ചെറുതോടിയില്‍ മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ലക്ഷങ്ങള്‍ വില നിശ്ചയിച്ച് കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
ജില്ലയിലെ മലയോര മേഖലകളില്‍ ആനക്കൊമ്പ്, മാന്‍ കൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില നിശ്ചയിച്ച് വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, വണ്ടൂര്‍ സബ് ഇന്‍സ്പെകുര്‍ ഷൈലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചും ചില ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്. പല ഭാഗങ്ങളില്‍ നിന്നും ഇടനിലക്കാരായി ആളുകള്‍ ഇവരെ സമീപിച്ച് 20 ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി.
വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള DANSAF സംഘവും നടത്തിയ അന്വേഷണത്തിലാണ് വണ്ടൂര്‍ മഞ്ചേരി റോഡിന് സമീപം കാറിനുള്ളില്‍ ഒളിപ്പിച്ച മാന്‍ കൊമ്പുകളുമായി ഇവരെ പിടികൂടിയത്. ഇവരുമായി ബന്ധപ്പെട്ട ഏജന്റുമാരെയും ഇടപാടുകാരെയും മറ്റുള്ളവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഈര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
സിപിഒമാരായ ജയേഷ്, അജേഷ് എന്നിവരും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളും പോലീസ് സംഘത്തിലുണ്ടായിരുന്നു.