തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്ററ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ചവറയില്‍ റോഡും കണ്ണൂരില്‍ റെയില്‍വേ സ്റേഷന്‍ റോഡും ഉപരോധിച്ചു. ക്രൈംബ്രാഞ്ച് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അറസ്റ്റിനെക്കുറിച്ച് സിപിഎമ്മിന് അറിയാമെന്നും മോദി സര്‍ക്കാരിന്റെ അതേ ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയനും പിന്തുടരുന്നതെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 24ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ ജില്ലകളിലും ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ സ്വയം സംയമനം പാലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തടിപ്പ് കേസിലാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്നാല്‍, കേസില്‍ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.