എടത്വ: തലവടി പഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി ജംഗ്ഷൻ – പൊയ്യാലുമാലിൽ പടി റോഡിൽ യാത്രക്ലേശം രൂക്ഷം.
‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിന് സമീപം ഉള്ള ഒരു ഇടവഴിയാണ് സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡ്.ഈ വഴിയ്ക്ക് ഇരുവശത്തായി ഏകദേശം 27 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന 2 പേർ ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ പ്രധാന റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. നിലവിലുള്ള വഴി മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കി ദുരിതത്തിൽ നിന്ന് കരകയറാൻ ആണ് പ്രദേശവാസികളുടെ ആഗ്രഹം.ഇതിന് മുമ്പ് ഈ റോഡിൽ മണ്ണിട്ട് ഉയർത്തുന്നതിന് പഞ്ചായത്തിൽ നിന്നും ചെറിയ തുക അനുവദിച്ചെങ്കിലും ഏറ്റെടുത്ത് ചെയ്യാൻ ആളില്ലാതെ ആ തുക നഷ്ടമായി.
മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്.
വേനൽക്കാലത്ത് ഇരട്ടി ദുരിതം ആണ്. ഈ പ്രദേശത്ത് പൊതു ടാപ്പുകൾ ഇല്ല.പ്രധാന റോഡിൽ വെച്ചിരിക്കുന്ന കിയോസ്ക്കിൽ സന്നദ്ധ സംഘടനകളും പഞ്ചായത്തും നിറയ്ക്കുന്ന ശുദ്ധജലമെടുക്കാൻ ഒരു കിലോമീറ്റർ സഞ്ചരിക്കണം.
അധികൃതർക്ക് നിവേദനം നല്കുന്നതിന് ഉള്ള ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനം സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള നിർവഹിച്ചു.
ചടങ്ങിൽ ബാലമുരളി പൗരസമിതി പ്രസിഡൻ്റ് സുരേഷ് പരുത്തിക്കൽ, സെക്രട്ടറി മനോജ് മണക്കളം, ഉണ്ണികൃഷ്ണൻ പുത്തൻപുരയിൽ, രാജീവ് പി.കെ, പ്രവീൺ പി.വി,സാം വി. മാത്യൂ, എബി കൊടയ്ക്കാട്ട് കടവിൽ, സുമേഷ് പി, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.