തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിവാഹത്തിന് തലേന്ന് അര്‍ദ്ധരാത്രി പിതാവിനെ മകളുടെ കണ്മുന്നില് വെച്ച് സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയ ക്രൂരത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അയല്പക്കത്തെ സഹോദരങ്ങളുള്‍പ്പെടെ നാലംഗ സംഘം കല്യാണവീട്ടില്‍ അതിക്രമിച്ച് കയറി ഭീകരത അഴിച്ചുവിടുകയായിരുന്നു. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. ചൊവ്വാഴ്ച രാത്രി 12.45ന് വര്‍ക്കല വടശ്ശേരിക്കോണത്താണ് സംസ്ഥാനത്തെ നടുക്കിയ സംഭവം.
വടശ്ശേരിക്കോണം വലിയവിളകം സ്വദേശി ജി രാജുവാണ് (61) മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടത്. പാര കൊണ്ട് തലയ്ക്കടിയേറ്റാണ് രാജു മരിച്ചത്. ജിഷ്ണു (26), സഹോദരന് വടശ്ശേരിക്കോണം ജെജെ പാലസില്‍ ജിജിന് (25), ഇവരുടെ സുഹൃത്തുക്കളായ വടശ്ശേരിക്കോണം മനുഭുവനത്തില്‍ മനു (26), കെഎസ് നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ 10.55ന് ശിവഗിരിയില്‍ വച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒന്നര വര്‍ഷത്തിനിടെ പലതവണ ജിഷ്ലു ശ്രീലക്ഷ്മിയെ സമീപിച്ചിരുന്നെങ്കിലും മയക്കുമരുന്നിന് അടിമയും ക്രിമിനലുമായ ജിഷ്ണുവിന് മകളെ നല്കാന് രാജു തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടുപേരും വ്യത്യസ്ഥ സമുദായക്കാരായതിനാല്‍ ശ്രീലക്ഷ്മിക്കും
താല്‍പ്പര്യമില്ലായിരുന്നു. എംഎസ്സി ജിയോളജിസ്റ്റാണ് ശ്രീലക്ഷ്മി. ജിഷ്ണുവിന് പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ല.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ബന്ധുക്കളും അയല്‍വാസികളും വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങി. രാജുവിന്റെ മകന് ശ്രീഹരി രാജ് സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കലയിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം. വെള്ള നിറത്തിലുള്ള ഫോക്സ്വാഗണ് കാറില്‍ വീട്ടുമുറ്റത്തെത്തിയ പ്രതികള്‍ കാറിനുള്ളില്‍ ഉച്ചത്തിലുള്ള സംഗീതം മുഴക്കി.
ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയ, ശ്രീലക്ഷ്മി എന്നിവരെ സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ മര്‍ദിക്കുകയും മുഖം തറയില്‍ ഇടിക്കുകയും ചെയ്തു. ഇതുകണ്ട് ഓടിയെത്തിയ രാജുവിന് മര്‍ദനമേറ്റു. ഇവരുടെ നിലവിളി കേട്ട് രാജുവിന്റെ ഭാര്യാസഹോദരന്‍ ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി. അവരും ആക്രമിക്കപ്പെട്ടു. ആദ്യം ദേവദത്തനും പിന്നീട് രാജുവിന്റെയും തലയില്‍ പാര കൊണ്ട് അടിച്ചു. അയല്‍വാസികള്‍ ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.
രാജുവിന്റെ മകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പോലീസ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയാണ് അക്രമികളെ പിടികൂടിയത്. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ട നാലോടെ സംസ്കരിച്ചു. ശ്രീലക്ഷ്മി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ദേവദത്തന്റെ തലയില്‍ ഏഴു തുന്നലുണ്ട്.