തലവടി: കന്നിയങ്കത്തിനിറങ്ങാൻ തയ്യാറായി തലവടി ടൗൺ ബോട്ട് ക്ലബ് (ടി.ടി ബി.സി). വള്ളംകളിക്ക് തുടക്കം കുറിക്കുന്ന മൂലം വള്ളംകളിയിൽ ചെറുതന ചുണ്ടനിൽ മത്സരിച്ചാണ് ആദ്യ തുഴച്ചിൽ നടന്നുന്നത്.
തലവടി ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണത്തോടെ ഉടലെടുത്ത ആശയമായിരുന്നു ടി ടി ബി സി രൂപികരിക്കണം എന്നത്. പതിറ്റാണ്ടുകളായി തലവടി പ്രദേശത്തെ ഒട്ടേറെ ചെറുപ്പക്കാർ മറ്റു കരകൾക്ക് വേണ്ടി തുഴച്ചിൽ നടത്തിയിരുന്നു. ഇത്തരം ജലോത്സവ കായിക താരങ്ങളെ കോർത്തിണക്കിയാണ് ക്ലബ് രൂപികരിച്ചതെന്ന് ജോമോൻ ചക്കാലയിൽ ,ഷിക്കു അമ്പ്രയിൽ എന്നിവർ പറഞ്ഞു.
കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, ജോജി ജെ വയലപ്പള്ളി സെക്രട്ടറി, പ്രിൻസ് പാലത്തിങ്കൽ ട്രഷററാർ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ക്ലബിനെ നയിക്കുന്നത്. തലവടി ഗ്രാമത്തിന് സ്വന്തമായി ‘തലവടി ചുണ്ടൻ’ എന്ന പേരിൽ പുതിയ വള്ളം പുതുവത്സര ദിനത്തിൽ നീരണിഞ്ഞെങ്കിലും നെഹ്റു ട്രോഫി മത്സരത്തിലാണ് ആദ്യ തുഴച്ചിൽ നടത്തുന്നതെന്ന് പബ്ലിസിറ്റി കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളിയിൽ ചെറുതന ചുണ്ടനിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീം അംഗങ്ങള ഉൾപ്പെടുത്തി മികച്ച പരിശീലനം നൽകി തലവടി ചുണ്ടനിൽ തുഴയെറിയുകയാണ് ലക്ഷ്യം.തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷനും രൂപികരിച്ചിട്ടുണ്ട്. കടുത്ത പരിശീലനമാണ് നീരേറ്റുപുറം മണിമലയാറ്റിൽ പമ്പാ ബോട്ട് റേസ് നട്ടായത്തിൽ ഇപ്പോൾ നല്കുന്നത്. ഇതിന് ഉള്ള ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. വ്യവസായികളായ കെ.ആർ ഗോപകുമാർ, പി.ഡി രമേശ് കുമാർ, പ്രിൻസ് പാലത്തിങ്കൽ ,പ്രവാസിയായ ഷിനു എസ് പിള്ള കൊച്ചുതോട്ടയ്ക്കാട്ട് എന്നിവരുടെ ക്യാപ്റ്റൻസിയിലാണ് ചെറുതന ചുണ്ടനിൽ തുഴയുന്നത്.ഒട്ടേറേ തവണ വിവിധയിടങ്ങളിൽ ട്രോഫികൾ നേടിയിട്ടുള്ള വള്ളമാണ് ചെറുതന ചുണ്ടൻ.82 തുഴച്ചിൽ ക്കാരും 5 അമരക്കാർ, 7 നിലക്കാർ എന്നതാണ് വള്ളത്തിൻ്റെ ഘടന.