തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചിരുന്ന സിപിഎമ്മിന്റെ നിലപാട് മാറ്റം അവസരവാദമാണെന്നും ബിജെപി നേതാവ് വിമര്‍ശിച്ചു.
1990 വരെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന് തുടര്‍ന്നു. അതിനാല്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം അധികം വൈകാതെ തന്നെ മുസ്ലീം പാര്‍ട്ടിയാകുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുണ്ട്. രാജ്യത്തെ സാംസ്ക്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷം വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ എന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.