എടത്വ: സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘ അരങ്ങിലെത്തിച്ചു. അഞ്ചാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികളാണ് അവരുടെ അധ്യാപകനും നാടക സംവിധായകനുമായ എൻ.ജെ. ജോസഫ് കുഞ്ഞിനൊപ്പം വിവിധ വേഷങ്ങളിൽ രംഗത്തെത്തിയത്. 1565 ൽ പ്രസിദ്ധീകരിച്ച അൺകാപിറ്റാനൊമൊറൊ ഒരു മൂറിഷ് നാവികൻ എന്ന ഇറ്റാലിയൻ ചെറുകഥയെ ആധാരമാക്കിയാണ് ഒഥല്ലോ എഴുതപ്പെട്ടത്.കുട്ടനാടൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന എൻ.ജെ. ജോസഫ് കുഞ്ഞാണ് കുട്ടികൾക്കൊപ്പം ‘ഒഥല്ലോ ‘ സ്റ്റേജിൽ അവതരിപ്പിച്ചത്. 9 ഷേക്സ്പിയർ നാടകങ്ങൾ അദ്ദേഹം സ്കൂൾ കുട്ടികൾക്കൊപ്പം അരങ്ങിലെത്തിച്ചിട്ടുണ്ട്.ഇതിൽ ജൂലിയസ് സീസറിലെ സീസറിൻ്റെയും മാർക്ക് ആന്റണിയുടെയും ഇരട്ടവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇയാഗോയായി ആൽവിൻ പി. ബ്ലസിയും, ഡെസ്ഡിമോണയായി ബ്ലസൻ കെ. ബിനീഷും കാഷ്യോയായി ജെറിൻ തോമസ് ലാജിയും റോഡറീഗോയായി ഷാനു തോമസ് വർഗീസും യമിലിയയായി കെൽവിൻ ജോർജ്ജും ബ്രബാൻഷ്യോയായി ആൻജോ മാത്യു അനിലും, ഡ്യൂക്ക് ഓഫ് വെനീസായി സാവിയോ ആൻ്റോയും മൊണ്ടാനോ ആയി ഫിലിപ്പ് ജെ. കാട്ടാംപള്ളിയും ബിയാങ്കയായി ജെഫിൻ ജഗനും ലോഡോവിക്കായി ജെറോം ജോജിയും ഗ്രേഷ്യാനോയയായി അഭിനവ് രാജേഷും വേദിയിലെത്തി. ആരോൺ ജോഷി, അദ്വൈത് സുജിത്ത്, ഷിനോ സെബാസ്റ്റ്യൻ വർഗീസ്, ബെൻ ആൻ്റണി, ജെലിൻ ജയൻ, ജെഫിൻ തോമസ് ലൈജു എന്നിവർ മറ്റുവേഷങ്ങൾ അവതരിപ്പിച്ചു.
പശ്ചാത്തല സംഗീതം ആരോൺ ജോഷിയും പ്രകാശക്രമീകരണം അഭിനവ് എസും നിർവ്വഹിച്ചു.വേഷവിധാനങ്ങളും രംഗസജ്ജീകരണവും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നിർവ്വഹിച്ചു.100 ദിവസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് നാടകം വേദിയിലെത്തിച്ചതെന്ന് പ്രധാന അധ്യാപകൻ ടോം ജെ. കൂട്ടക്കര പറഞ്ഞു.
പ്രശസ്ത കവി ഡോ. ചേരാവള്ളി ശശി നാടകം ഉദ്ഘാടനം ചെയ്തു. എടത്വ സെൻ്റ് ജോർജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ. സന്തോഷ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, പി.ടി.എ പ്രസിഡൻ്റ് ഷാജി മഠത്തിക്കളം, പ്രധാന അധ്യാപകൻ ടോം ജെ. കൂട്ടക്കര എന്നിവർ പ്രസംഗിച്ചു.
വെട്ടിക്കുറവോ തിരുത്തലോ ഇല്ലാതെ ഷേക്സ്പിയർ ഇംഗ്ലീഷ് നാടകം അതേപടി സ്കൂൾ തലത്തിൽ അവതരിപ്പിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ നേട്ടമാണെന്ന് മുൻ പി.ടി.എ പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.ഇത്തരത്തിൽ ഇതിന് മുമ്പ് ഏതെങ്കിലും സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി കൂടിയായ അദ്ദേഹം കൂട്ടി ചേർത്തു.