ഹ്യൂസ്റ്റൺ: കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണെന്ന് പ്രശസ്ത ട്രയിനറും , സൈക്കോളജിക്കൽ കൗൺസിലറുമായ ഡോ. ശ്രീകാന്ത് കാരയാട്ട് അഭിപ്രായപ്പെട്ടു. ഹ്യൂസ്റ്റണിലെ സൊണസ്റ്റാ ഹോട്ടലിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ കൺവൻഷൻ രണ്ടാം ദിവസം പിന്നിടുമ്പോൾ ” കുടുംബം കുട്ടികൾ ജീവിതം പ്രവാസ ജീവിതത്തിലെ ബന്ധങ്ങളുടെ മാധുര്യം ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്ക് വ്യത്യസ്തമായ അർത്ഥ തലമുള്ള ഒന്നാണ്. എല്ലാവരേയും മനസിലാക്കുന്നതിനും അറിയുന്നതിനും നമ്മിൽ രൂപപ്പെടുന്ന ഭാഷയ്ക്കെ കഴിയു . ജീവിതത്തിൽ കുടുംബാംഗങ്ങളെ പരസ്പരം ചേർത്തു പിടിക്കുവാനും ഉപദേശങ്ങൾ കുടുംബങ്ങളിൽ കുറയ്ക്കുവാനും അദ്ദേഹം പറഞ്ഞു. കാരണം ഉപദേശങ്ങൾ കൊണ്ട് ആരും രക്ഷപെട്ട ചരിത്രമില്ലെന്നും ഉപദേശങ്ങളേക്കാൾ ചേർത്തു നിർത്തലുകൾക്കാണ് നന്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവാകുന്നു ശക്തി. അറിഞ്ഞു ചെയ്യുമ്പോൾ മാത്രമെ ചെയ്യുന്ന കർമ്മത്തിന്റെ ഉദ്ദേശം പൂർണ്ണമാകുന്നുള്ളു. അജ്ഞാനത്തെ നീക്കി ജ്ഞാനത്തെ പ്രാപിക്കാനാണ് ഓരോ ജീവനും പിറവിയെടുക്കുന്നത്. അതുകൊണ്ട് ഓരോ ജീവനേയും നമുക്ക് ഹൃദയത്തോട് ചേർക്കുവാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ നന്മണ്ട സ്വദേശിയായ ഡോ. ശ്രീനാഥ് കാരയാട്ട് തന്റെ ജീവിത വീക്ഷണം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ്. ” ജീവിതം ഒരു കലയാണ് . അതിനെ മനോഹരമാക്കാം. നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ദൈവവും ജീവിച്ചിരിക്കും. നിങ്ങൾ മരണമടഞ്ഞാൽ നിങ്ങളുടെ ദൈവവും മരണമടയും .നിങ്ങളുടെ ദൈവം നിങ്ങളിലൂടെ ജീവിക്കുന്നു. നിങ്ങളുടെ ദൈവം നിങ്ങളുടേത് മാത്രമാണ് ” അതിലളിത ജീവിത സന്ദേശങ്ങളുടെ സഹയാത്രികനെ മന്ത്രയുടെ വേദിയിൽ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ സെക്രട്ടറി അജിത്ത് നായർ, ട്രഷറർ രാജു പിളള എന്നിവർ അറിയിച്ചു.