ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും.
ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്.) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
നെഹ്റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി.പി. ചിത്തരഞ്ജന് എം.എല്‍.എ. പറഞ്ഞു. നെഹ്റു ട്രോഫിയുടെ തനത് സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സി.ബി.എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. എന്‍.ടി.ബി.ആര്. സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഇഫ്രസ്ട്രച്കര്‍ സബ് കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍, മുന്‍ എം.എല്‍.എ. മാരായ സി.കെ. സദാശിവന്, എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 68-ാമത് നെഹ്റു ട്രോഫി ബോട്ട് റേസിന്റെ സുവിനിയര്‍ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്കി.
ഈ തവണ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ ഉണ്ടാകും.2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലാണ്.സ്വന്തമായ വസ്തുവിൽ അത്യാധുനിക രീതിയിൽ ഡോക്ക് നിർമ്മിക്കാനാണ് തലവടി ടൗൺ ബോട്ട് ക്ലബ് ഉദ്യേശിച്ചിരിക്കുന്നത്.
റവ. ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ വൈസ് പ്രസിഡൻ്റ് സ് , ജോജി ജെ വയലപ്പള്ളി സെക്രട്ടറി , ബിനോയി തോമസ് ജോ. സെക്രട്ടറി, ഏബ്രഹാം പീറ്റർ പാലത്തിങ്കൽ ട്രഷറാർ,ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ ടീം കോർഡിനേറ്റേഴ്സ് എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. റിക്സൺ എടത്തിലിൻ്റെ ക്യാപ്റ്റൻസിയിൽ കുട്ടനാട് റോവിംങ്ങ് അക്കാഡമിയുമായി ചേർന്ന് കന്നി അങ്കത്തിൽ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.