തിരുവനന്തപുരം : രാജ്യത്തെ അമ്പതിലധികം കമ്പനികളുടെ ചെറുധാന്യ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ) തിരുവനന്തപുരത്ത് മില്ലറ്റ് ഷോപ്പ് ആരംഭിക്കുന്നു. തിരുവനന്തപുരം കുറവന്‍കോണത്ത് ആരംഭിക്കുന്ന സ്റ്റോര്‍ ജൂലൈ 10ന് വൈകിട്ട് 5 മണിക്ക് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
ഉന്നത ഗുണമേന്മയുള്ള വിവിധ തരം ധാന്യങ്ങള്‍,ധാന്യ പൊടികള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, ധാന്യപലഹാരങ്ങള്‍, പാനീയങ്ങള്‍ മുതലായവ ഒരു കുടക്കീഴില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നം ദി മില്ലറ്റ് ഷോപ്പ് ആരംഭിക്കുന്നതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. നിലവിലെ കമ്പനികള്‍ കൂടാതെ രാജ്യത്തെ ചെറുതും വലുതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ലഭ്യമായിട്ടുള്ള റെഡി ടൂ യൂസ് അല്ലെങ്കില്‍ ഇന്‍സ്റ്റന്റ് ഉത്പന്നങ്ങള്‍ ഒറ്റ ഷോപ്പില്‍ ലഭ്യമാക്കി ഇവിടെയൊരു മില്ലറ്റ് ഭക്ഷണ സംസ്ക്കാരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടാതെ ഇതേ മാതൃകയില്‍ കേരളത്തില്‍ ഉടനീളം മില്ലറ്റ് ഷോപ്പുകള്‍ ആരംഭിക്കാനും സിസ്സയ്ക്ക് പദ്ധതിയുണ്ടെന്ന് സിസ്സ മില്ലറ്റ് ഇന്‍ഷ്യറ്റീവ്, ചെയര്മാന് ഡോ. അനില്‍ എസ് പിള്ള പറഞ്ഞു.
ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും സമീകൃതമായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മണി ചോളം, ബജ്ര, കൂവരക്, തിന, വരക്, ചാമ, കവട പുല്ല് തുടങ്ങിയ പോഷക സമൃദ്ധമായ ധാന്യങ്ങള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ അന്നം ദി മില്ലറ്റ് ഷോപ്പില്‍ ലഭ്യമാണ്.
10,000 ഫാര്‍മര്‍ പ്രൊഡൂസര്‍ കമ്പനികള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതിനായി SFAC, NDDB, NCDC, NABARD എന്നി സ്ഥാപനങ്ങള്‍ എംപാനല്‍ ചെയ്ത സംഘടനയാണ് സിസ്സ.