ജി 20 യോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ ഉപയോഗം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകും: കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം : ഈ വർഷം നടക്കുന്ന ജി 20 മീറ്റിംഗുകളിൽ, ചെറു ധാന്യ  ഭക്ഷണങ്ങൾ , ചെറു ധാന്യ മേളകൾ, ചെറുധാന്യ  ഉപഹാരങ്ങളുടെ  വിതരണം എന്നിവയിലൂടെ ചെറു ധാന്യങ്ങളുടെ  ഉപയോഗം  വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ നടത്തി വരുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ചെറു ധാന്യ  വിളകളെക്കുറിച്ചുള്ള  അവബോധം പ്രചരിപ്പിക്കുന്നതിനായി ജി 20 യോഗത്തോടനുബന്ധിച്ച് ചെറു ധാന്യ  കർഷകരുമായി ആശയവിനിമയം നടത്തിവരികയാണ്. ഇനി , ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലെ തീൻമേശയിൽ അതിഥികൾക്ക്  റാഗി ദോശയും ജോവർ ഉപ്പുമാവുമൊക്കെ വിളമ്പാനാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അമ്പതിലധികം വരുന്ന ധാന്യ ഉത്പാദന കമ്പനികളിൽ നിന്നും ശേഖരിക്കുന്ന ചെറുധാന്യങ്ങളും ചെറുധാന്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) തിരുവനന്തപുരത്ത് കുറവൻകോണത്ത് ആരംഭിച്ച അന്നം ദി മില്ലറ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്കൗൺസിലർ ശ്യം കുമാർ, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, സിസ്സ മില്ലറ്റ് ഇൻഷ്യറ്റീവ്, ചെയർമാൻ ഡോ. അനിൽ എസ് പിള്ള, ശ്രീ അജിത് വെണ്ണിയൂർ എന്നിവരും സംസാരിച്ചു.

ചെറുധാന്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലത്ത് തലസ്ഥാന നഗരിയിൽ ഇത്തരൊരു സംരംഭം തുടങ്ങുന്നത് ഏറെ ആശാവഹമാണ്. ദേശീയ, അന്തർദേശീയ തലത്തിൽ ചെറു ധാന്യ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗവും ബ്രാൻഡിംഗും വർധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇന്ന് കേന്ദ്രസർക്കാർ നടത്തിവരുന്നു.  ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെയും ഉപയോഗത്തെയും കുറിച്ചുള്ള അവബോധം ഉത്പാദകരിലും ഉപഭോക്താക്കളിലും സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ആരോഗ്യകാര്യത്തിൽ ഇന്ന് ആളുകൾ പൊതുവെ വലിയ ശ്രദ്ധ പതിപ്പിക്കുന്നു എന്നത് മില്ലറ്റുകൾക്ക് കൂടുതൽ വിപണി നൽകും. ഇപ്പോൾ കടകളിൽ ചെറു ധാന്യങ്ങൾ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത ഗുണമേന്മയുള്ള വിവിധ തരം ധാന്യങ്ങൾ,ധാന്യ പൊടികൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ധാന്യ പലഹാരങ്ങൾ, പാനീയങ്ങൾ മുതലായവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസ്സ അന്നം ദി മില്ലറ്റ് ഷോപ്പ് തിരുവനന്തപുരത്ത് കുറവൻകോണത്ത് ആരംഭിച്ചത്. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും സമീകൃതമായ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന മണി ചോളം, ബജ്ര, കൂവരക്, തിന, വരക്, ചാമ, കവട പുല്ല് തുടങ്ങിയ പോഷക സമൃദ്ധമായ ധാന്യങ്ങൾ അന്നം ദി മില്ലറ്റ് ഷോപ്പിൽ ലഭ്യമാണ്. 

 

Print Friendly, PDF & Email

Leave a Comment

More News