കണ്ണൂർ: ഏകീകൃത സിവില്‍ കോടിനെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചരിത്രബോധമില്ലാതെ സംസാരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വിവരമില്ലാതെയാണ് തരൂർ ഓരോന്നും വിളിച്ചു പറയുന്നത്. കുറുക്കനെ കോഴിക്കൂടിൽ കയറ്റി വിട്ട് കോഴി തിന്നുമോയെന്ന് നമുക്ക് നോക്കാമെന്നു പറയുന്ന പോലെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തരൂർ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ കരട് രേഖ വന്നതിനു ശേഷം പ്രതികരിക്കാം എന്നതാണ് തരൂരിന്റെ മറുപടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്റെ നയങ്ങളോട് കേരളത്തിന് പുറത്തെ കോൺഗ്രസ് നേതാക്കൾക്ക് അനുഭാവ നയമാണുളളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു നടന്ന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ തരൂർ പ്രശംസിച്ചിരുന്നു. ജി 20 സമ്മേളനം വിജയകരമായി നടപ്പിലാക്കിയതും, അയൽ രാജ്യങ്ങളോടുളള പ്രധാനമന്ത്രിയുടെ സഹവർത്തിത്വ മനോഭാവവും മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വേറിട്ടു നിർത്തിയതായി തരൂർ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളുമായുള്ള നരേന്ദ്ര മോദിയുടെ സഹകരണത്തെയും ശശി തരൂർ അഭിനന്ദിച്ചിരുന്നു.
കേരളത്തിലെ പൊതു അന്തരീക്ഷം സിവിൽ കോഡിന് എതിരായതിനാലാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.